
ഒറ്റപ്പാലം ∙ ഓണത്തിരക്ക് ഒഴിവാക്കാൻ നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. നഗരസഭ വിളിച്ചുചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം.ആർഎസ് റോഡിലും പ്രധാനപാതയിലും ടിബി റോഡിലുമായി പാർക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കാൻ ശ്രമം തുടങ്ങി.
ബിഇഎംയുപി സ്കൂളിനു മുന്നിലെ സ്വകാര്യ വളപ്പ്, ലക്ഷ്മി തിയറ്റർ പരിസരം, കോടതി വളപ്പ്, മാർക്കറ്റ് കോംപ്ലക്സ് അങ്കണം, എൻഎസ്എസ് ഹൈസ്കൂൾ മൈതാനം എന്നിവിടങ്ങളിലാകും പാർക്കിങ്ങിനു സൗകര്യം. പാതയോരങ്ങളിലെ പാർക്കിങ് പൂർണമായി ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കാനാണു ശ്രമം.
പാതയോരങ്ങളിൽ ഗതാഗതത്തിനു തടസ്സമാകുന്ന വിധത്തിലുള്ള പൂക്കച്ചവടങ്ങളും മറ്റും വിലക്കും.
ചെർപ്പുളശ്ശേരി റോഡ് വികസനത്തിന്റെ ഭാഗമായി നഗരമേഖലയിൽ വെട്ടിയിട്ട മരത്തടികളും ചില്ലകളും ഉടൻ നീക്കാൻ പിഡബ്ല്യുഡിക്കു നിർദേശം നൽകി.
റോഡുകളിലെ തിരക്കിനനുസരിച്ചു ഗതാഗതം സംബന്ധിച്ചു പൊലീസ് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കും. തിരക്കേറിയ സമയങ്ങളിൽ ഒറ്റപ്പാലം നഗരത്തിലേക്കു വരേണ്ടതില്ലാത്ത വാഹനങ്ങളെ വഴിതിരിച്ചു വിടാനാണു തീരുമാനം. ഇതിനായി മംഗലം, മുരുക്കുംപറ്റ, വരോട്, കോതകുറുശ്ശി, വാണിയംകുളം പാത വിനിയോഗിക്കും.
പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങളെ മംഗലത്തു നിന്നു പട്ടാമ്പി ഭാഗത്തു നിന്നുള്ളവയെ വാണിയംകുളത്തു നിന്നു വഴി തിരിച്ചുവിടാനുള്ള നിർദേശമാണു പരിഗണനയിൽ. ഒറ്റപ്പാലത്തേക്കു വരേണ്ടതില്ലാത്ത വാഹനങ്ങൾ വഴിതിരിഞ്ഞു പോയാൽ നഗരത്തിലെ തിരക്കു കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷം പരീക്ഷിച്ചു വിജയിച്ച താൽക്കാലിക ക്രമീകരണങ്ങളാണിവ. യോഗത്തിൽ നഗരസഭാധ്യക്ഷ കെ.ജാനകീദേവി അധ്യക്ഷയായി.
ഉപാധ്യക്ഷൻ കെ.രാജേഷ് പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]