പാലക്കാട് ∙ ആകാംക്ഷ വേണ്ട. കുഞ്ഞ് പശുക്കിടാവു തന്നെ.
ഒപ്പം ഭാവിയിൽ പാലുൽപാദനത്തിൽ വൻ വർധനയും വരുമാനവും ഉറപ്പ്. പശുക്കിടാങ്ങൾക്കു മാത്രം ജന്മം നൽകാനായി ലിംഗനിർണയം നടത്തിയ ബീജം (സെക്സ് സോർട്ടഡ് സെമൻ) സാങ്കേതിക വിദ്യ വഴി ജില്ലയിൽ പിറന്നത് 7 പശുക്കിടാങ്ങൾ. ജില്ലയിൽ 22 മൃഗാശുപത്രികളിലും 3 വെറ്ററിനറി സബ് സെന്ററുകളിലും ആരംഭിച്ച പദ്ധതി വഴി ഇതിനോടകം 225 പശുക്കളിൽ ലിംഗനിർണയം നടത്തിയ ബീജം കുത്തിവച്ചിട്ടുണ്ട്.
ഇതിൽ പ്രസവിച്ച 7 പശുക്കൾക്കും പെൺകിടാങ്ങളാണു പിറന്നത്. ബാക്കി പശുക്കൾ ഗർഭിണികളാണ്.
പശുക്കിടാങ്ങളെ കൂടുതലായി ഉൽപാദിപ്പിക്കാനും അതുവഴി പാലുൽപാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ആക്സിലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലാണു ജില്ല ക്ഷീര മുന്നേറ്റം കുറിച്ചിരിക്കുന്നത്. ഉയർന്ന ജനിതക ശേഷിയുള്ള കാളകളിൽ നിന്നു ശേഖരിച്ച ബീജത്തിൽ നിന്ന് ആൺകിടാവിന്റെ ജനനത്തിനു കാരണമാകുന്ന ക്രോമസോം നീക്കം ചെയ്യും.
ഇതോടെ പെൺകിടാവു മാത്രമാകും ജനിക്കുക.
സങ്കീർണവും ചെലവേറിയതുമായ സെൽ സോർട്ടിങ് മെഷീൻ വഴി സെക്കൻഡിൽ 10,000–20,000 ബീജങ്ങൾ വരെ ഇത്തരത്തിൽ തരംതിരിക്കും. 90% കൃത്യതയാണ് അവകാശപ്പെടുന്നത്. വിദേശ നിർമിതമായ ഈ സംവിധാനം സംസ്ഥാന ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് വഴിയാണു കേരളത്തിൽ നടപ്പാക്കുന്നത്.
ഉയർന്ന പാലുൽപാദനമുള്ള പശുക്കളിലാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്.
ഇതുവഴി പാലുൽപാദനം ഇരട്ടിയിലേറെ വർധിപ്പിക്കാനാകുമെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
പദ്ധതി ഈ മൃഗാശുപത്രികളിൽ
കഞ്ചിക്കോട്, നല്ലേപ്പിള്ളി പാലപ്പള്ളം, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, നന്ദിയോട്, മുതലമട, കോങ്ങാട്, മേഴത്തൂർ, കൊല്ലങ്കോട്, ഷോളയൂർ, അഗളി, പുതൂർ, നെല്ലായ, പെരുവെമ്പ്, എലപ്പുള്ളി, കിഴക്കഞ്ചേരി, കല്ലടിക്കോട്, വാളയാർ, കൈലിയാട്, ലക്കിടി പേരൂർ, അമ്പലപ്പാറ, കോഴിപ്പാറ മൃഗാശുപത്രികളിലും വില്ലൂന്നി, മൂച്ചിക്കുണ്ട്, കനകംതുരുത്ത് വെറ്ററിനറി സബ് സെന്ററുകളിലാണു ജില്ലയിൽ നിലവിൽ പദ്ധതി ഉള്ളതെന്നും ഉൽപാദന വർധനയ്ക്കൊപ്പം രോഗപ്രതിരോധ ശേഷിയുള്ള പശുക്കളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ടെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ.പി.ജി.രാജേഷ് പറഞ്ഞു. കുത്തിവയ്പിനായി 500 രൂപ അടയ്ക്കണം. ആദ്യ കുത്തിവയ്പു പരാജയപ്പെട്ടാൽ രണ്ടാമത്തെ കുത്തിവയ്പു സൗജന്യമാണ്. രണ്ടു കുത്തിവയ്പിനു ശേഷവും ഗർഭധാരണം നടന്നില്ലെങ്കിൽ ക്ഷീരകർഷകനും തുക തിരികെ നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]