വടക്കഞ്ചേരി∙ വടക്കഞ്ചേരിയിലേക്കു പ്രവേശിക്കണമെങ്കിൽ പാതാളക്കുഴികൾ കടക്കണം. വടക്കഞ്ചേരി മംഗലംപാലം ബസാർ റോഡിലാണ് വൻ കുഴികൾ രൂപപ്പെട്ടത്.
ഇന്നലെ കുഴിയിൽ പെട്ട് 3 അപകടങ്ങൾ നടന്നതായി സമീപവാസികൾ പറഞ്ഞു. ലോഡുമായി വന്ന പെട്ടിഓട്ടോറിക്ഷ കുഴിയിൽ വീണു കേടുപാടു സംഭവിച്ചു.
മംഗലം–ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്നെത്തിയ കാർ ബൈക്കിലിടിച്ചും അപകടമുണ്ടായി. പാലക്കാടു നിന്നു വന്ന മിനി വാൻ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയും അപകടമുണ്ടായി. ഇവിടെയുള്ള കുഴികൾ അടയ്ക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും പഞ്ചായത്തോ പൊതുമരാമത്തു വകുപ്പോ സ്വീകരിക്കുന്നില്ല.
രാത്രി കാലങ്ങളിൽ ഇവിടെ ഇരുട്ടാണ്.
വഴിവിളക്കുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ദേശീയപാത പാലക്കാട് നിന്നു വരുന്ന വാഹനങ്ങളും മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാത വഴി വരുന്ന വാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നു വരുന്ന വാഹനങ്ങളും ഈ ഭാഗത്തു നിന്നാണ് തിരിയുന്നത്. എന്നിട്ടും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല.
മംഗലം പാലത്ത് എംഎസ് മോട്ടേഴ്സിന് സമീപവും വള്ളിയോടും കരിപ്പാലിയിലും റോഡിലെ കുഴികൾ അപകടമുണ്ടാക്കുന്നു.
കരിപ്പാലിയിൽ പാളയം റോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് പുല്ല് വളർന്ന് നിൽക്കുന്നതിനാൽ സംസ്ഥാന പാതവഴി വരുന്ന വാഹനങ്ങൾ കാണാതെ റോഡ് കുറുകെ കടക്കുന്നതും അപകടമുണ്ടാക്കുന്നു. സ്കൂളിലേക്കുള്ള പാതയായിട്ടും ഇവിടെയുള്ള തടസ്സങ്ങൾ നീക്കിയിട്ടില്ല.
മഴയുള്ള സമയത്ത് പാതയിൽ ക്വാറി വേസ്റ്റ് ഇട്ടാണ് കുഴികൾ മൂടിയത്. ഇതു വീണ്ടും തുറന്നു വന്നു.
വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിന് മുൻപിലും വലിയ കുഴിയുണ്ട്. മംഗലംപാലത്ത് മൂന്ന് തവണ തകർന്ന കൾവർട്ടിന് സമീപവും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]