
യോഗ ജീവിതം, ആനന്ദം: അരനൂറ്റാണ്ടായി യോഗ പരിശീലന രംഗത്തെ സജീവ സാന്നിധ്യം, 72 വയസ്സുകാരൻ പി.കെ.അശോകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ അരനൂറ്റാണ്ടായി യോഗയാണു മലമ്പുഴ ചെറാട് പുത്തിരിക്കാട്ടിൽ പി.കെ.അശോകനു ജീവിതം. അദ്ദേഹത്തിന്റെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നത് മറ്റുള്ളവരുടെ ആരോഗ്യവും ആനന്ദവും. 50 വർഷത്തിനിടെ എത്ര പേരെ യോഗ പരിശീലിപ്പിച്ചുവെന്നു ചോദിച്ചാൽ, കണക്കു വച്ചിട്ടില്ല.ജില്ലയിലെ മുതിർന്ന യോഗ പരിശീലകനാണ് 72 വയസ്സു പിന്നിട്ട അശോകൻ. അദ്ദേഹത്തിൽ നിന്നു പഠിച്ചവരിൽ പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലകരാണ്. വിദേശത്ത് യോഗ സ്ഥാപനങ്ങൾ നടത്തുന്നവരുമുണ്ട്.
സത്യസായി സേവാസംഘത്തിന്റെ ആത്മീയ വിഭാഗം കോഒാർഡിനേറ്ററായിരുന്ന അശോകൻ ആധ്യാത്മിക പ്രഭാഷകനുമാണ്. യോഗ വഴി കിട്ടുന്ന പ്രതിരോധശേഷിയും മനസ്സിന്റെ അടക്കവും അതിലൂടെ ഉണ്ടാകുന്ന സ്വാസ്ഥ്യവും അനുഭവിച്ചറിയേണ്ടതാണ്. യോഗ വ്യായാമവും ഒറ്റമൂലിയുമല്ല. ഗുളികരൂപത്തിൽ കിട്ടില്ല. എന്നാൽ, മനസ്സിനെ ലയിപ്പിക്കുന്നതാണ്, അശോകൻ പറയുന്നു. പിതാവിനൊപ്പം രണ്ടാം വയസ്സു മുതൽ സത്യസായി സേവാസമിതിയിൽ പോയിത്തുടങ്ങി.
1965ൽ 15–ാം വയസ്സിൽ രാമൻ യോഗിയിൽ നിന്നാണ് അടിസ്ഥാന പാഠങ്ങൾ പഠിച്ചത്. ശിവാനാന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയിൽ നിന്ന് ആഴത്തിലുള്ള പരിശീലനം നേടി. ആ വർഷം തന്നെ യോഗ പരിശീലിപ്പിച്ചു തുടങ്ങി. കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിന്റെ മുന്നോടിയായ ദിവ്യജീവനസംഘത്തിൽ തുടങ്ങിയ ക്ലാസ് ഇപ്പോഴും ദിവസം രണ്ടു നേരം മുടക്കമില്ലാതെ തുടരുന്നു. പല സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പരിശീലനത്തിനു നേതൃത്വം നൽകി. 15 വർഷമായി ഒലവക്കോട് ശിവാനന്ദനഗറിൽ പി.പാർഥസാരഥി മേനോനും പരിശീലകനായി കൂടെയുണ്ട്. 60 വർഷമായി സായിസേവാ സമിതിയിലും സജീവം.
ഭാര്യ പി.ജി.അമൃത. മക്കൾ: അപർണ (എസ്ബിഐ ഇൻഷുറൻസ്, കൊച്ചി), യദുകൃഷ്ണൻ(ദുബായ്). കേരള യോഗ അസോസിയേഷന്റെ യോഗശിരോമണി പുരസ്കാരം, സ്വാമി വിഷ്ണുദേവാനന്ദ സരസ്വതി സുകൃതസ്മൃതി യോഗ പുരസ്കാരം, ബ്രഹ്മകുമാരീസ് സംഘടനയുടെ ശ്രേഷ്ഠഭാരത പുരസ്കാരം എന്നിവയുൾപ്പെടെ ലഭിച്ചിട്ടുണ്ട്.
മനസ്സിനെ മെരുക്കാൻ
യോഗ ശരീരശുദ്ധിയും മനഃശുദ്ധിയും അതുവഴി ഏകാഗ്രതയും ശ്രദ്ധയുമുണ്ടാക്കും. അവയവങ്ങൾക്കു ലാഘവം വരുത്തും. മനസ്സിനെ മെരുക്കും. ചിന്തകളുടെ കുത്തൊഴുക്ക് അവസാനിപ്പിക്കും. ഒരാളെ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നതാണു യോഗ.