
പ്രതിപക്ഷ നേതാവ് എത്തി വനംവകുപ്പിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ എടത്തനാട്ടുകര ഉപ്പുകുളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഉമ്മറിന്റെ ബന്ധുക്കളെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാട്ടാന ആക്രമണ വിവരം അറിയിച്ചിട്ടും സ്ഥലത്തേക്കു വരാൻ ആദ്യം വനംവകുപ്പ് തയാറായില്ല എന്നതുൾപ്പെടെ ഗുരുതര പരാതികൾ നാട്ടുകാർ പ്രതിപക്ഷനേതാവിനെ അറിയിച്ചു.ആക്രമണം നടന്നതിന്റെ പരിസരത്ത് ഏറെ നേരം കാട്ടാനകൾ നിലയുറപ്പിച്ചിരുന്നതായും വിവരം അറിഞ്ഞു നാട്ടുകാർ എത്തിയപ്പോഴും ആനകളുടെ ചിന്നംവിളി കേട്ടിരുന്നതായും സംഭവ സ്ഥലത്ത് എത്തിയവർ പറഞ്ഞു.ഇവിടെ നിന്നു 3 കിലോമീറ്റർ അകലെയാണു മലപ്പുറത്ത് കാളികാവിൽ കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. വർഷങ്ങൾക്കു മുൻപ് ഇവിടെയും കടുവ ആക്രമണം നടന്നതായി നാട്ടുകാർ പറഞ്ഞു.സൗരോർജ വേലി ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ഉപ്പുകുളം വരെ വ്യാപിപ്പിക്കണമെന്നും വനംവകുപ്പ് ജനസുരക്ഷ മുൻനിർത്തി പ്രവർത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.പ്രതിരോധ നടപടിക്കാവശ്യമായ ഫണ്ടും അനുമതിയും ലഭ്യമാക്കുന്നില്ലെന്ന പരാതിയും പ്രതിപക്ഷ നേതാവിനു മുന്നിൽ ഉയർന്നു. പഞ്ചായത്ത് അംഗം പടുകുണ്ടിൽ ബഷീർ, കാട്ടാന ആക്രമണത്തിൽ മരിച്ച ഉമ്മറിന്റെ സഹോദരൻ അലി, സേവാദൾ ഭാരവാഹി നാസർ കാപ്പുങ്കൽ എന്നിവരിൽ നിന്നു പ്രതിപക്ഷനേതാവ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, പി.വി.രാജേഷ്, കെ.സി.പ്രീത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വി.കെ.ശ്രീകണ്ഠൻ എംപിയും ആശുപത്രിയിലെത്തിയിരുന്നു.