
മോദിയുടെ പരാമർശത്തിനു പിന്നാലെ ചേറ്റൂർ ശങ്കരൻനായരുടെ ബന്ധുക്കളെ കണ്ട് സുരേഷ് ഗോപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ എഐസിസി അധ്യക്ഷപദവി വഹിച്ച ഏക മലയാളിയായ ചേറ്റൂർ ശങ്കരൻനായരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പരാമർശിച്ചതിനു പിന്നാലെ ശങ്കരൻനായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചേറ്റൂർ കുടുംബാംഗം പാലക്കാട് ചന്ദ്രനഗറിലെ റിട്ട.ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരെയും ഒറ്റപ്പാലത്തെ പാലാട്ട് വീട്ടിലെ ബന്ധുക്കളെയുമാണ് അദ്ദേഹം സന്ദർശിച്ച് സൗഹൃദം പങ്കുവച്ചത്.
ചേറ്റൂരിന്റെ ജീവിതവും സംഭാവനകളും കൂടുതൽ ആളുകളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി പറഞ്ഞു. ചേറ്റൂരിനെപ്പോലുള്ള ധീരമായ ജീവിതങ്ങളെ ജനങ്ങളിൽ എത്തിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും അറിയിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു ചേറ്റൂർ ഒറ്റപ്പാലത്ത് ആരംഭിച്ച സ്ഥാപനം ഉൾപ്പെടെ അക്കാലത്തെ സംരംഭങ്ങളും ചർച്ചയായി.
ചേറ്റൂരിനെ വേണ്ടരീതിയിൽ കേരളീയർക്ക് അറിയാൻ നടപടികളുണ്ടായില്ലെന്നും ഉചിതമായ സ്മാരകത്തിന്റെ ആവശ്യകതയും ബന്ധുക്കളിൽ ചിലർ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ, പാർട്ടി ഇന്റലക്ച്വൽ വിങ് സെൽ കൺവീനർ ശങ്കു ടി.ദാസ്, മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഒാമനക്കുട്ടൻ, മറ്റു നേതാക്കളായ എ.സ്വരൂപ്, പി.ജയരാജ്, ഹരി പട്ടിക്കര എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഹരിയാനയിലെ പ്രസംഗത്തിലാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടിഷുകാർക്കെതിരെ ശബ്ദമുയർത്തിയ ചേറ്റൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പഞ്ചാബിൽ നടന്ന കൂട്ടക്കൊലയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് പോരാടിയതെന്നും ശങ്കരൻനായരുടെ സംഭാവനകളെക്കുറിച്ചു പഠിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശമുസരിച്ചാണു മന്ത്രിയുടെ സന്ദർശനം എന്നാണു വിവരം.