
പാലക്കാട് ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിസിസിയുടെ ചേറ്റൂർ ശങ്കരൻനായർ അനുസ്മരണം 24ന്
പാലക്കാട് ∙ എഐസിസി അധ്യക്ഷപദവി വഹിച്ച ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലെത്തിച്ച ദേശീയവാദിയുമായ ചേറ്റൂർ ശങ്കരൻനായരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുസ്മരിക്കുന്നു. ഓർമദിനമായ 24നു രാവിലെ 8.45നു മങ്കര സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 9.30നു പറളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ അനുസ്മരണ യോഗവും ചേരും. വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.
അണ്ടർ 17 ചെസ് മത്സരം
പാലക്കാട് ∙ ജില്ലാ ചെസ് അസോസിയേഷൻ 17 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തുന്ന മത്സരം 24നു വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നടക്കും. 2008 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ സംസ്ഥാന ടൂർണമെന്റിൽ മത്സരിക്കും. 23നു മുൻപായി റജിസ്റ്റർ ചെയ്യണം. 9496351944.
താലപ്പൊലി ഇന്ന്
ഒറ്റപ്പാലം∙ ചാത്തൻകണ്ടാർകാവിൽ ഇന്നു താലപ്പൊലി ഉത്സവം. ചുനങ്ങാട്, വരോട്, വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടര ദേശങ്ങൾ ഉൾപ്പെട്ട തട്ടകത്തിന്റെ പൂരമാണിത്. രാവിലെ 6നു മേലേക്കാവിന്റെ സന്നിധാനത്തിൽ പൂതൻ- തിറകൾ കളം നിറയുന്നതോടെ ആഘോഷപരിപാടികൾ തുടങ്ങും. തുടർന്നു സോപാനസംഗീതവും 8.40നു പാണ്ടിമേളവും പ്രസാദഊട്ടുമുണ്ടാകും. വൈകിട്ടു 4നു വാദ്യമണ്ഡപത്തിൽ കുനിശ്ശേരി അനിയൻ മാരാർ, നല്ലേപ്പിള്ളി അനിയൻ മാരാർ, മായന്നൂർ രാജു എന്നിവരുടെ നേതൃത്വത്തിലാണു പഞ്ചവാദ്യം. പൂതൻ-തിറകളും ഇണക്കാളകളും ആവേശപ്പൂരത്തിനു മാറ്റുകൂട്ടും. 7നു നാഗസ്വരക്കച്ചേരി, 8.30നു വെടിക്കെട്ട്, 10.30നു തായമ്പക, 12നു തൃത്തായമ്പക എന്നിവയുമുണ്ടാകും. പുലർച്ചെ 1.30നു താലമെഴുന്നള്ളിപ്പ്, രാവിലെ 6നു വെളിച്ചപ്പാടിന്റെ നൃത്തം, കാളകൾക്ക് അരിയേറ് എന്നിവയോടെ കൊടിയിറങ്ങും.
ഭാഗികമായ ഗതാഗത നിയന്ത്രണം
കുഴൽമന്ദം ∙ പോത്തുകാട് – മാനാംകുളമ്പ് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.