
ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം അപകട മുനമ്പ്; നിയമം പാലിക്കാതെ ബസുകൾ, കണ്ണടച്ചു പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്തു കഴിഞ്ഞ വർഷം നാലുവരിപ്പാത മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ചു മരിച്ചതു 4 പേർ. ഇവിടെ അടിപ്പാതയോ ഫുട് ഓവർബ്രിജോ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടു പഴക്കം. മംഗലത്ത് അപകടങ്ങളും മരണങ്ങളും നിത്യ സംഭവമാകുമ്പോൾ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. പ്രദേശത്തു സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ പേടിച്ചാണു റോഡ് മുറിച്ചു കടക്കുന്നത്. ഇവിടെ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ നാലുവരിപ്പാത വഴി ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചു കടക്കുന്നവരെ ശ്രദ്ധിക്കുന്നുമില്ല.
ഇതേ സ്ഥലത്തു മൂന്നു വർഷം മുൻപു നിർത്തിയിട്ട ബസിനു പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിക്കുകയും ഇരുപത്തഞ്ചോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. തുടർന്നു ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെത്തി പരിശോധന നടത്തി. നാലുവരിപ്പാതയിൽ സുരക്ഷയൊരുക്കാതെ ബോർഡ് മാത്രം വച്ചു ബസ് നിർത്തി ആളെയിറക്കുന്നതും കയറ്റുന്നതും അവസാനിപ്പിച്ച് ബസുകൾ സർവീസ് റോഡിലൂടെ പോകാൻ തീരുമാനിച്ചു. എന്നാൽ, ബസുകൾ നിയമം പാലിക്കുന്നില്ല. പൊലീസും ഇതു കണ്ടിട്ടും കണ്ണടയ്ക്കുന്നു.
കൊല്ലത്തറയിൽ ഫെയർസ്റ്റേജ് ബസ് സ്റ്റോപ്പ് അനുവദിച്ചിട്ടും ഇവിടെ ബസ് വേയും ബസ് കാത്തിരിപ്പു കേന്ദ്രവും ദേശീയപാത അതോറിറ്റി നിർമിച്ചിട്ടില്ല. വാളയാർ മുതൽ അണക്കപ്പാറ വരെയുള്ള ഫെയർ സ്റ്റേജ് സ്റ്റോപ്പുകളിൽ ബസ് വേയും യു ടേണും നിർമിച്ചപ്പോൾ മംഗലത്തുകാരെ തഴഞ്ഞു. ഇതോടെ ഇവിടെ അപകടങ്ങൾ തുടർക്കഥയായി. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വാഹനമിടിച്ചു വഴിയാത്രക്കാരായ 14 പേരുടെ ജീവനാണു പൊലിഞ്ഞത്. നിലയ്ക്കാതെ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല.
മംഗലം കൊല്ലത്തറയിലും പഴയ പോസ്റ്റ് ഓഫിസ് റോഡ് ജംക്ഷനിലും ബസ് കാത്തിരിപ്പു കേന്ദ്രവും സീബ്രാ ലൈനും അണ്ടർ പാസും നിർമിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടർക്കും പാലക്കാട് ആർടിഎയ്ക്കും ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. അതിനിടെ കൊല്ലത്തറയ്ക്കു സമീപം ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെ 9 പേരാണു മരിച്ചത്.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലെ പാഞ്ഞാംപറമ്പ്, കള്ളിയങ്കാട്, ലക്ഷംവീട്, പൂക്കോട്, പുഴയ്ക്കൽപറമ്പ്, കുന്നങ്കാട്, നൊച്ചിപ്പറമ്പ്, വേണാട്ട്കളപ്പറമ്പ്, ഹരിജൻ കോളനി, ചീറമ്പക്കാവ്, വടക്കേത്തറ, കിഴക്കേത്തറ, അഞ്ചുമൂർത്തി, മംഗലം അങ്ങാടി ഭാഗങ്ങളിലെ അഞ്ഞൂറ് കുടുംബങ്ങൾ ഇവിടെ വന്നാണു ബസ് കയറേണ്ടത്. മംഗലം ദൃശ്യ മാർബിൾസ് വരെ എത്തുന്ന സർവീസ് റോഡ് ഇരട്ടക്കുളം വരെ എത്തിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.