
‘യന്ത്രം മൂലം തൊഴിൽ നഷ്ടമാകുന്നു’; സിമന്റിറക്കേണ്ട, സമരവുമായി സിഐടിയു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ ലോറിയിൽ നിന്നു ചാക്കുകൾ ഇറക്കാനുള്ള യന്ത്രവും ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ടായിട്ടും കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശ് ഇന്നലെയും പൊലീസിന്റെ സഹായത്തോടെയാണു സ്ഥാപനം പ്രവർത്തിപ്പിച്ചത്. യന്ത്രം മൂലം തൊഴിൽ നഷ്ടമാകുന്നുവെന്നു പറഞ്ഞ് സ്ഥാപനത്തിനു മുന്നിൽ പന്തൽകെട്ടി അനിശ്ചിതകാല സമരത്തിലാണു സിഐടിയു. സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാൻ 6 ലക്ഷത്തോളം രൂപ മുടക്കി ജയപ്രകാശ് നാലു മാസം മുൻപാണു യന്ത്രം സ്ഥാപിച്ചത്. കൂനത്തറ സ്വദേശി ജയനാണ് ഇതു നിർമിച്ചുനൽകിയത്. യന്ത്രംകൊണ്ട് സിമന്റ് ചാക്കുകൾ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളി വീതം മതി. പക്ഷേ, സിഐടിയു നേതാക്കൾ പ്രതിഷേധവുമായെത്തി. രണ്ടു സിഐടിയു തൊഴിലാളികളെ ഉൾപ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നൽകാമെന്നും ജയപ്രകാശ് സമ്മതിച്ചു. എന്നാൽ, 6 ലോഡിങ് തൊഴിലാളികൾ ജോലിക്ക് എത്തിയതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു.
യന്ത്രം ഉപയോഗിച്ചും തന്റെ ജീവനക്കാരുടെ സഹായത്തോടെയും ജയപ്രകാശിനു കയറ്റിറക്കു നടത്താമെന്ന് ഹൈക്കോടതി ഉത്തരവായി. ഉത്തരവു കാണിച്ചിട്ടും ലോഡിങ് തൊഴിലാളികൾ എതിർത്തതോടെ ജയപ്രകാശ് പൊലീസിന്റെ സഹായം തേടി. ഇതിനിടെ, തൊഴിൽ നിഷേധം ആരോപിച്ച് സിഐടിയു പ്രവർത്തകർ സ്ഥാപനത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ജയപ്രകാശ് നടത്തുന്നതു തൊഴിൽ നിഷേധമാണെന്നു സിഐടിയു പറയുന്നു. മറ്റുള്ള സ്ഥാപനങ്ങളിൽ ഒരു ലോഡിന് 13 രൂപ വരെ വാങ്ങുമ്പോൾ ഇവിടെ 7.90 രൂപയ്ക്കാണ് ലോഡിങ് തൊഴിലാളികൾ സിമന്റ് ഇറക്കാൻ സമ്മതിച്ചത്. എന്നിട്ടും തൊഴിലാളികളെ ഉൾപ്പെടുത്തിയില്ല. ലേബർ ഓഫിസിലും ക്ഷേമ ബോർഡിലും കത്തു നൽകിയിട്ടുണ്ടെന്ന് സിഐടിയു ചുമട്ടുതൊഴിലാളി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ പറഞ്ഞു. വ്യാപാരികളെ ലോഡിങ് തൊഴിലാളികൾ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് ജയപ്രകാശിന് പിന്തുണയുമായി ഇന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുളപ്പുള്ളിയിൽ ധർണ നടത്തും.