മരുതറോഡ് ∙മരുതറോഡ് പഞ്ചായത്തിൽ ഭരണം പിടിക്കാനുള്ള പോരാട്ടത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥികളിൽ 2 ജോഡി ദമ്പതിമാർ. നിലവിലെ പഞ്ചായത്തംഗമായ എം.സജിത്ത്– ഭാര്യ എം.വി.പ്രിയങ്ക, നിലവിൽ പഞ്ചായത്തംഗങ്ങളായ വിനേഷ് എസ്.കുമാർ– ഭാര്യ സൗമ്യ വിനേഷ് എന്നിവരാണു സ്ഥാനാർഥികളായ ദമ്പതിമാർ.
എം.സജിത്ത് 16ാം വാർഡ് തെക്കേമുറിയിൽ നിന്നു മത്സരിക്കുമ്പോൾ സജിത്ത് മുൻപു ജയിച്ച 19ാം വാർഡ് കല്ലേപ്പുള്ളി ഈസ്റ്റിലാണു ഭാര്യ പ്രിയങ്കയുടെ കന്നിയങ്കം.
വിനേഷ് 21ാം വാർഡ് തേക്കോണിയിലും ഭാര്യ സൗമ്യ 20ാം വാർഡ് മന്ത്രിക്കാടുമാണു മത്സരിക്കുന്നത്. സൗമ്യ തുടർച്ചയായ നാലാം അങ്കത്തിനിറങ്ങുമ്പോൾ വിനേഷ് രണ്ടാം തവണയാണു ജനവിധി തേടുന്നത്.
കല്ലേപ്പുള്ളി ആലമ്പള്ളം സ്മിത നിവാസിൽ എം.സജിത്ത് പാലക്കാട് സർവീസ് സഹകരണ ബാങ്ക് കല്ലേപ്പുള്ളി ബ്രാഞ്ച് മാനേജരും പ്രിയങ്ക എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളിലെ ക്ലാർക്കുമാണ്. കൊട്ടേക്കാട് തെക്കേത്തറ ദേവീകൃപയിൽ വിനേഷ് എസ്.കുമാർ സംരംഭകനും സൗമ്യ കാളിപ്പാറ വികെഎൻഎംയുപി സ്കൂൾ അധ്യാപികയുമാണ്.
രാവിലെ വീടിന്റെ ഉമ്മറത്തെ രാഷ്ട്രീയ ചർച്ചകൾക്കുശേഷം ദമ്പതിമാർ വാർഡുകളിൽ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിരക്കിലേക്കു നീങ്ങും.
ഇടയ്ക്ക് ഒരുമിച്ചു വോട്ടു തേടാനും സമയം കണ്ടെത്തും. വൈകിട്ട് അത്താഴ മേശയിലും ‘രാഷ്ട്രീയം തന്നെയാകും വിളമ്പുക’.
ജയിച്ചാൽ ‘സ്മിതാ നിവാസിലും’, ‘ദേവീകൃപയിലും’ ഇക്കുറി രണ്ടു ജന പ്രതിനിധികളുണ്ടാകും. പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനു കോൺഗ്രസ് ജില്ലാ നേതൃത്വം നൽകിയ പിന്തുണയാണു തങ്ങളുടെ കരുത്തെന്നു ദമ്പതിമാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

