
പാലക്കാട് ∙ പാഴ്സൽ കൊണ്ടുവരുന്നവർക്കു വീടിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ വലിയപാടം നിവാസികൾ പറഞ്ഞു കൊടുക്കുന്ന അടയാളം റോഡിലെ കുഴികളാണ്. ഓരോ വീടിന്റെ മുന്നിലും എത്ര കുഴികളുണ്ടെന്നു നാട്ടുകാർക്കു മനഃപാഠമാണ്.
മാട്ടുമന്ത – മണൽമന്ത – വലിയപാടം – അവിഞ്ഞിപ്പാടം റോഡിൽ അത്രത്തോളമുണ്ടു കുഴികൾ. 3 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായി നൂറിലേറെ കുഴികൾ. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ റോഡിലെ വലിയ കുഴികളെത്ര, ചെറിയ കുഴികളെത്ര എന്ന കണക്കു ശേഖരിച്ചു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ അധികൃതർക്കു പരാതിയും നൽകി.
ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. മഴക്കാലത്തിനു മുൻപു തകർന്ന റോഡ് നന്നാക്കുമെന്നായിരുന്നു നഗരസഭ അധികൃതരുടെ വാഗ്ദാനം അതുണ്ടായില്ല.
മഴ തുടങ്ങിയപ്പോൾ റോഡ് നന്നാക്കാനെത്തിയെങ്കിലും മഴയത്തു പ്രവൃത്തികൾ മുടങ്ങി. ഇതോടെ റോഡ് ചെളിക്കുളമായി. മഴയത്തു കുഴികൾ നിറഞ്ഞതോടെ മലിനജലം കവിഞ്ഞു വീട്ടുമുറ്റത്തെത്തി.
റോഡിൽ അപകടങ്ങളും പതിവായി.
ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനത്തിൽ നിന്നു വീണു നാലു പേർക്കാണു പരുക്കേറ്റത്. വിദ്യാർഥികൾ ഉൾപ്പെടെ കുഴികൾ ചാടിക്കടന്നാണു യാത്ര.
മാട്ടുമന്ത ജംക്ഷനോടു ചേർന്നു റോഡിലെ വലിയ കുഴി അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കുഴിയിൽ വാഹനങ്ങൾ കുടുങ്ങുന്നതു പതിവാണ്. പാലക്കാട് നഗരസഭയിലെ 6,7,8,9 വാർഡുകളിലാണു റോഡ്. അവിഞ്ഞിപ്പാടം, കൈലാസ് നഗർ എന്നിവിടങ്ങളിലെ റോഡും തകർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]