
പട്ടാമ്പി ∙ വാടാനാംകുറിശി റെയിൽവേ മേൽപാലം നിർമാണം നടക്കുന്നിടത്ത് ഇരുപുറവും സർവീസ് റോഡുകൾ ഗതാഗതത്തിനു തുറന്നു. ഇന്നലെ ഉച്ചയോടെയാണ് പണി നടന്നിരുന്ന സർവീസ് റോഡ് തുറന്നത്.
ബൈക്കുകളും ചെറുവാഹനങ്ങളും മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നത്. ബസ് അടക്കമുള്ള വാഹനങ്ങളും ചരക്കു വാഹനങ്ങളും ബന്ധപ്പെട്ടവർ യോഗം ചേർന്ന് തീരുമാനം എടുത്തതിനു ശേഷമേ കടത്തി വിടാൻ തുടങ്ങൂ. ഒരുമാസം മുൻപാണ് വാടാനാംകുറിശിയിൽ പാലം പണിയും സർവീസ് റോഡ് നിർമാണവും നടത്താൻ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചത്.
10 ദിവസം കൊണ്ട് സർവീസ് റോഡിന്റെ പണി തീർക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മഴ തടസ്സമായതോടെ വീണ്ടും ഒരാഴ്ച കൂടി റോഡ് അടച്ചിടാൻ തീരുമാനിച്ചു.
രണ്ടാഴ്ച കൊണ്ട് പാലത്തിന് ഒരു വശത്തെ റോഡ് പണിതീർത്ത് റോഡ് ഗതാഗതത്തിന് തുറന്നെങ്കിലും റോഡിന്റെ വീതിക്കുറവ് കാരണം റോഡിൽ ഗതാഗതക്കുരുക്കായതോടെ ഒരു ഭാഗത്തേക്ക് മാത്രമായി ചെറുവാഹനങ്ങൾ കടത്തിവിടുകയും വീണ്ടും രണ്ടാഴ്ചകൂടി സമയമെടുത്ത് മറുവശത്തെ സർവീസ് റോഡിന്റെ പണി കൂടി തീർത്ത് ഇന്നലെ ഗതാഗതത്തിന് തുറക്കുകയുമായിരുന്നു. പുതുതായി നിർമിക്കുന്ന പാലത്തിന്റെ ഇരു വശവും സർവീസ് റോഡുകൾ കട്ട വിരിച്ച് നവീകരിച്ചതോടെ ഇനി വാഹനങ്ങൾക്ക് ഇതു വഴി കടന്നുപോകാം.
ഒരു മാസമായി ബസുകൾ റെയിൽവേ ഗേറ്റിന് അപ്പുറവും ഇപ്പുറവും വന്ന് യാത്രക്കാരെ ഇറക്കി തിരിച്ച് പോകുകയാണ്.
ബസുകൾ കൂടി കടത്തി വിടാൻ തുടങ്ങിയാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാകു. റെയിൽവേ മേൽപാലം നിർമാണം അന്തിമ ഘട്ടത്തിലാണ്.
ഒരു മാസത്തിനകം പണി പൂർത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. പാലത്തിന്റെ പണി തീർന്നെങ്കിൽ മാത്രമേ വാടാനാംകുറിശി റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതതടസ്സം ഒഴിവാകൂ. പട്ടാമ്പി–കുളപ്പുള്ളി പാത നവീകരണവും പുരോഗമിക്കുകയാണ്. കുളപ്പുള്ളി ഐപിടിഐ പരിസരത്ത് നിന്ന് ആരംഭിച്ച് പട്ടാമ്പി നിള ആശുപത്രി വരെയാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്.
ഐപിടിഐ പരിസരത്ത് നിന്ന് ആരംഭിച്ച് നവീകരണം മേലെ പട്ടാമ്പി ചെർപ്പുളശേരി റോഡ് ജംക്ഷൻ വരെ എത്തിയിട്ടുണ്ട്.
ഇതിനിടയിൽ പണി തീർക്കാനുള്ള വാടാനാംകുറിശി, ഓങ്ങല്ലൂർ പാടം ഭാഗങ്ങളിൽ പണി പുരോഗമിക്കുകയാണ്. റോഡ് നവീകരണം പൂർത്തിയാകുകയും വാടാനാംകുറിശി റെയിൽവേ മേൽപാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറക്കുകയും ചെയ്താൽ പട്ടാമ്പി കുളപ്പുള്ളി റോഡിലെ ഗതാഗത തടസ്സങ്ങളെല്ലാം നീങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]