
എരുത്തേമ്പതി ∙ മൂന്നു പതിറ്റാണ്ടു മുൻപ് 5 സെന്റ് ഭൂമി പതിച്ചു കിട്ടിയപ്പോൾ ഏറെ സന്തോഷമുണ്ടായിരുന്നു. എന്നാൽ തനിക്ക് അവകാശപ്പെട്ട
ഭൂമി കാണിച്ചു തരണമെന്ന ആവശ്യവുമായി ഒരമ്മ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടോളമായി. എരുത്തേമ്പതി പഞ്ചായത്തിലെ മാങ്കാപ്പള്ളം സ്വദേശിയായ ലക്ഷ്മി (63) ഇതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.ലക്ഷ്മിയും ഭർത്താവ് പരമശിവവും(74) ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്.
വർഷങ്ങൾക്കു മുൻപ് പരമശിവം അപകടത്തിൽപെട്ട് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി വലിയ തുക ചെലവായി.ഭർത്താവിന്റെ പേരിലുണ്ടായിരുന്ന 4 സെന്റ് സ്ഥലം വിറ്റാണ് ചികിത്സ നടത്തിയത്.
വിവാഹിതയായ മകളുടെ വീട്ടിലും ബന്ധുവീടുകളിലുമായാണ് പിന്നീട് ഇരുവരും താമസിച്ചിരുന്നത്. തുടർന്ന് പല കാരണങ്ങളാൽ വാടക വീട്ടിലേക്കു താമസം മാറേണ്ടിവന്നു.
വീട്ടുപണിയെടുത്തു കിട്ടുന്ന വരുമാനത്തിലാണ് പരമശിവത്തിന്റെ ചികിത്സയും വീട്ടുചെലവുമെല്ലാം നടത്തുന്നത്. തന്റെ പേരിൽ പതിച്ചു കിട്ടിയ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കാൻ ഇവർ തയാറാണ്. മിച്ചഭൂമിയായി കണ്ടെത്തിയ 5 സെന്റ് സ്ഥലം 1993ൽ ആണ് ലക്ഷ്മിയുടെ പേരിൽ പതിച്ചു നൽകിയത്.
പത്തോളം പേർക്ക് ഈ മിച്ചഭൂമി വീതിച്ചു പതിച്ചു നൽകിയിട്ടുണ്ട്. അതിനിടയിലാണ് ലക്ഷ്മിയുടെ സ്ഥലമുള്ളത്.
ഈ ഭൂമി അളന്നു തിരിച്ചു നൽകണമെന്ന ആവശ്യവുമായി വില്ലേജ്– താലൂക്ക് ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 25 വർഷത്തോളമായെന്നാണ് ലക്ഷ്മി പറയുന്നത്.
പോകുമ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ഉദ്യോഗസ്ഥർ മടക്കി അയയ്ക്കുകയാണത്രെ. കൂടാതെ വിവരാവകാശ പ്രകാരം താലൂക്ക് ഓഫിസിൽ നിന്നു പട്ടയത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടതിനു മറുപടിയായി നൽകിയത് ഇതു സംബന്ധിച്ച ഫയൽ ലഭ്യമല്ലെന്നും കലക്ടർക്ക് അപേക്ഷ നൽകാനുമാണ്.
നിരക്ഷരയായ ലക്ഷ്മി ഓഫിസുകൾ കയറിയിറങ്ങി മടുത്തിരിക്കുകയാണ്. രണ്ടു മാസത്തിനപ്പുറം വാടക വീട്ടിൽ താമസിക്കാനാവില്ല.
സ്വന്തം സ്ഥലത്തു കുടിൽവച്ചു കെട്ടി സമാധാനത്തോടെ അന്തിയുറങ്ങണമെന്നാണ് ആഗ്രഹമെന്ന് ലക്ഷ്മി പറയുന്നു. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഉദ്യോഗസ്ഥർ എത്രത്തോളം മുഖവിലയ്ക്കെടുത്തു എന്നതിനുള്ള തെളിവാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]