
പാലക്കാട് ∙ നിർമാണത്തിലെ അപാകത കാരണം തകർന്ന മൂത്താന്തറ വാട്ടർ ടാങ്ക് റോഡിൽ യാത്ര അപകടത്തിൽ. റോഡിൽ കോൺക്രീറ്റ് കട്ടകൾ ഇളകിക്കിടക്കുകയാണ്.
ഒരു ഭാഗം ഉടനീളം താഴേക്ക് ഇരുന്നിട്ടുണ്ട്. ഇതു യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു. യാത്ര അപകടത്തിലായതോടെ റോഡ് അടിയന്തരമായി നേരെയാക്കണമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനും സ്ഥിരം സമിതി അധ്യക്ഷ ടി.ബേബിയും ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി വൈകുകയാണ്.
മഴ തുടരുന്നതിനാൽ റോഡ് അനുദിനം തകരുന്നു. റോഡിന് ഇരുവശത്തുള്ള വീട്ടുകാരും ദുരിതത്തിലാണ്.
ശുദ്ധജല വിതരണ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് ജല അതോറിറ്റിയുടെ നേതൃത്വത്തിലാണു നേരെയാക്കിയത്.
ഈ പ്രവൃത്തിയിലാണു ഗുരുതര വീഴ്ച സംഭവിച്ചത്. റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ചു പൊലീസ് വിജിലൻസ് അന്വേഷിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. റോഡിലെ അപകടാവസ്ഥ ജല അതോറിറ്റിയും കണ്ടില്ലെന്നു നടിക്കുകയാണ്.
എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ജല അതോറിറ്റിയും കരാറുകാരനുമായിരിക്കും ഉത്തരവാദികളെന്നും യാത്രക്കാർ മുന്നറിയിപ്പു നൽകുന്നുണ്ട്.
റോഡ് പ്രവൃത്തി പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ തകർന്നിട്ടും ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളാരും അന്വേഷണം നടത്തുന്നില്ലെന്നതിലും പരാതി ഉയർന്നിട്ടുണ്ട്.
വടക്കന്തറയിൽ നിന്നു മൂത്താന്തറ വഴി മേലാമുറിയിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ച അന്നു മുതൽ ഇതുവഴിയുള്ള യാത്ര അപകടകരവും ദുഷ്കരവുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]