
വടക്കഞ്ചേരി ∙ വടക്കഞ്ചേരിയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ടിന്മേൽ ചൂടേറിയ ചർച്ച നടന്നു.
സിപിഐ മന്ത്രിമാരുടെ പ്രവർത്തനങ്ങളും വിമർശനത്തിനിടയാക്കി. സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കണമെന്നും വിഭജനം പാർട്ടിയെ തകർത്തെന്നും മുതിർന്ന നേതാക്കൾ പറഞ്ഞപ്പോൾ സിപിഐ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള പാർട്ടിയാണെന്നാണ് പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
സേവ് സിപിഐ ഫോറത്തിന്റെ പ്രവർത്തനം പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പാർട്ടിയിൽ അച്ചടക്കത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഇതോടെ വിമത പക്ഷത്തെ ഒരിക്കലും അടുപ്പിക്കേണ്ടെന്നും തെറ്റ് മനസ്സിലാക്കി ക്ഷമ പറഞ്ഞു തിരികെ വരുന്നവരെ മാത്രം സ്വീകരിച്ചാൽ മതിയെന്നുമുള്ള അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചു. ഇന്നു രാവിലെ സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി.ചാമുണ്ണി, രാജാജി മാത്യു തോമസ്, സി.എൻ.ജയദേവൻ എന്നിവർ പ്രസംഗിക്കും. രാഷ്ട്രീയ റിപ്പോർട്ടിന്മേൽ പൊതുചർച്ചയും ഉണ്ടായിരിക്കും.
തുടർന്നു പൊതുചർച്ചയ്ക്ക് ഭാരവാഹികൾ മറുപടി നൽകും. വൈകിട്ട് 3.30 മുതൽ ക്രഡൻഷ്യൽ റിപ്പോർട്ട്, പ്രമേയങ്ങൾ എന്നിവ അവതരിപ്പിക്കും.
തുടർന്ന് ജില്ലാ സെക്രട്ടറി, 2 അസി.സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പുതിയ ഭാരവാഹികളെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കും.
209 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പുതിയ ജില്ലാ സെക്രട്ടറിയായി പുതുമുഖം വരുമെന്ന് കരുതുന്നവരുണ്ടെങ്കിലും കെ.പി.സുരേഷ് രാജിന് ഒരൂഴം കൂടി നൽകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കാൽ നൂറ്റാണ്ട് ജില്ലാ സെക്രട്ടറിയായിരുന്ന വി.ചാമുണ്ണി ഉൾപ്പെടെയുള്ളവരുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമാകും. ജില്ലാ കൗൺസിലിലേക്ക് ഇക്കുറി മത്സരം ഒഴിവാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
കഴിഞ്ഞ പട്ടാമ്പി സമ്മേളനത്തിൽ ജില്ലാ കൗൺസിലിലേക്കു മത്സരം നടന്നതിനു പുറമേ സമ്മേളന ശേഷം പാർട്ടിയിൽ നിന്ന് കെ.ഇ.ഇസ്മായിൽ പക്ഷത്തെ നിരവധി പേർ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
ഇക്കുറി മുതിർന്ന നേതാവായ കെ.ഇ ഇസ്മായിലിനെ സമ്മേളനത്തിലേക്കു ക്ഷണിക്കാത്തത് വിവാദമായിരുന്നു. എന്നാൽ മുൻനിര നേതാക്കളാരും ഇസ്മായിലിന്റെ പേര് പ്രസംഗങ്ങളിൽ പോലും പരാമർശിക്കാൻ തയാറായില്ല. അച്ചടക്കമുള്ള പാർട്ടിയായി സിപിഐ മാറിയെന്നാണ് പ്രതിനിധികളിൽ ചിലർ ഇതേക്കുറിച്ചു പ്രതികരിച്ചത്.
ജില്ലാ ഭാരവാഹികൾ 20% പുതുമുഖങ്ങൾ, 15% വനിതകൾ
പുതിയ സിപിഐ ജില്ലാ കമ്മിറ്റിയിൽ 20 പേർ പുതുമുഖങ്ങളായിരിക്കും. പാർട്ടി വ്യവസ്ഥയനുസരിച്ച് 75 വയസ്സ് പൂർത്തിയായ നേതാക്കൾ പദവി ഒഴിയും.
ഭാരവാഹികളിൽ 15% വനിതകളായിരിക്കും. ദലിത് വിഭാഗങ്ങൾക്കും പ്രാധാന്യമുള്ള കമ്മിറ്റിയാണ് ഉണ്ടാക്കേണ്ടത്. ഭാരവാഹി തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റിയുടെ അധികാരമാണെങ്കിലും ആവശ്യമെങ്കിൽ സംസ്ഥാന നേതൃത്വത്തിനു തിരുത്താം.
ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ വി.ചാമുണ്ണിക്കു ഭാരവാഹി എന്ന നിലയിൽ ഒടുവിലത്തെ ജില്ലാ സമ്മേളനമാണ് ഇത്. ഒഴിയുന്ന മുതിർന്ന നേതാക്കളെ പിന്നീട് പ്രത്യേക ക്ഷണിതാവായി പരിഗണിക്കും.
ജില്ലയിൽ പാർട്ടിയുടെ ആദ്യഘട്ടം മുതൽ സജീവമായി രംഗത്തുള്ള, കാൽനൂറ്റാണ്ട് ജില്ലാ സെക്രട്ടറിയായിരുന്ന ചാമുണ്ണി നിലവിൽ കേരഫെഡ് ചെയർമാനാണ്.
പ്രായപരിധി അനുസരിച്ച് മുൻ ജില്ലാ സെക്രട്ടറിയും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ വിജയകുമാർ കുനിശ്ശേരിയും ജില്ലാ കമ്മിറ്റിഅംഗം പുതുപ്പരിയാരം ടി.എസ്.ദാസും ഒഴിവാകും.സംഘടനയുടെ പുതിയ വ്യവസ്ഥയനുസരിച്ചാണു സെക്രട്ടറി തിരഞ്ഞെടുപ്പെങ്കിൽ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്രാജ് ഒഴിവാകും. പകരം സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ ഭാരവാഹികളായ കെ.രാമചന്ദ്രൻ, മണികണ്ഠൻ പൊറ്റശേരി, മുരളി കെ.താരേക്കാട്, സുമലത മോഹൻദാസ് എന്നിവരുടെ പേരുകളാണു പ്രചരിക്കുന്നത്.
കഴിഞ്ഞ രണ്ടു തവണയും ജില്ലാ ഭാരവാഹിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പു വേണ്ടിവന്നു. പട്ടാമ്പിയിൽ കഴിഞ്ഞ സമ്മേളനത്തിൽ കാര്യങ്ങൾ കൈവിട്ടു പോയി.
അവിടെ മുതിർന്ന നേതാക്കൾ തമ്മിൽ തർക്കവും വാഗ്വാദവും നടന്നു.മുൻ ഡപ്യുട്ടി സ്പീക്കറും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ ജോസ് ബേബിയും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും ജില്ലാ നേതൃത്വവുമായി കുറച്ചുകാലമായി അകൽച്ചയിലാണ്. ഇരുവർക്കും വേണ്ടി നേതൃത്വം നടത്തിയ അനുനയനീക്കം ഫലപ്രദമായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]