വാളയാർ ∙ എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി പിടിയിലായ പ്രതി ശുചിമുറിയിൽ പോകുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ടു കടന്നുകളഞ്ഞു. ഒഡീഷ സ്വദേശി അശാന്ത് മാലിക് (21) കൈവിലങ്ങുമായി വാളയാർ വനത്തിലൂടെ സഞ്ചരിച്ചു ഡാം നീന്തിക്കയറി തമിഴ്നാട്ടിലേക്കു കടന്നെന്നാണു വിവരം.
ഒരു പകൽ മുഴുവൻ വാളയാർ ഡാമിലും വനത്തിലും ഉൾപ്പെടെ അഗ്നിരക്ഷാസേനയും എക്സൈസും പൊലീസും തിരഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം. കോയമ്പത്തൂരിൽ നിന്നു കൊട്ടാരക്കരയ്ക്കു വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നു തിങ്കളാഴ്ച രാത്രി 11നാണു 4.655 കിലോഗ്രാം കഞ്ചാവുമായി അശാന്ത് മാലിക്കിനെ എക്സൈസ് സംഘം പിടികൂടിയത്.
പുലർച്ചെ രണ്ടോടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി എക്സൈസ് ടവറിലേക്കു കൊണ്ടുപോകാൻ ജീപ്പു കാത്തിരിക്കുമ്പോൾ പ്രതി ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ടു.
കണ്ടെയ്നർ ചെക്പോസ്റ്റിൽ നിന്നു പുറത്തിറങ്ങി വേണം ശുചിമുറിയിലേക്കു പോകാൻ. ഒരു കയ്യിലെ വിലങ്ങ് ഊരി നടന്നു പോകുമ്പോഴാണു സിവിൽ എക്സൈസ് ഓഫിസർ എസ്.വിവേകിനെ തള്ളിയിട്ട് ഇയാൾ ഡാമിനോടു ചേർന്ന വനത്തിൽ ഓടിക്കയറിയത്.പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥരും വനത്തിൽ ഓടിക്കയറിയെങ്കിലും വെളിച്ചമില്ലാത്തതിനാൽ കണ്ടെത്താനായില്ല.
എന്നാൽ, പ്രതി ഡാമിൽ ചാടുന്നത് ഉദ്യോഗസ്ഥർ കണ്ടു.
എക്സൈസ് ഓഫിസർമാരായ എസ്.വിവേകും കെ.സജീവും ഡാമിൽ ചാടി പിന്തുടരാൻ ശ്രമിച്ചെങ്കിലും മണലെടുത്ത കുഴികളുള്ളതിനാൽ കൂടുതൽ ഭാഗത്തേക്കു പോകാനായില്ല. രാവിലെ 6നു ഡാമിലെ മണലെടുത്ത ഭാഗത്തു നിലയുറപ്പിച്ച അശാന്ത് മാലിക് പിന്നാലെയെത്തിയ പൊലീസ് – എക്സൈസ് സംഘത്തെ കണ്ടതും വീണ്ടും ഡാമിൽ ചാടി തമിഴ്നാട് ഭാഗത്തേക്കു നീന്തി രക്ഷപ്പെട്ടു.
പ്രതി വിലങ്ങുമായി നീന്തിക്കയറി പോയെന്നു പരിസരവാസികളും മത്സ്യത്തൊഴിലാളികളും മൊഴി നൽകിയിട്ടുണ്ട്. എക്സൈസിന്റെ പരാതിയിൽ വാളയാർ പൊലീസും ചാവടി പൊലീസും അന്വേഷണം ആരംഭിച്ചു.
ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായിട്ടില്ലെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

