ആലത്തൂർ∙ വാനൂർ കേരളപ്പറമ്പിൽ അടിപ്പാത യാഥാർഥ്യമാകും. ചെറുവാഹനങ്ങൾക്കു കടന്നുപോകാൻ അടിപ്പാത നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി പ്രൊജക്ട് ഡയറക്ടർ കെ.രാധാകൃഷ്ണൻ എംപിയെ അറിയിച്ചു.
കെ.രാധാകൃഷ്ണൻ എംപിയുടെ ഇടപെടലാണ് തീരുമാനം വേഗത്തിലാക്കിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് യാദവിനും വാനൂരിലെ അടിപ്പാതയുടെ ആവശ്യകത വിശദീകരിച്ച് എംപി കത്തയച്ചിരുന്നു. സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ദേശീയപാത ഉയരം കൂട്ടും.
കിണ്ടിമൊക്കിനു സമീപം കുമ്പളക്കോട്ട് നിന്ന് ആരംഭിച്ച് വാനൂർ കേരളപ്പറമ്പ് ജംക്ഷനിൽ നിന്ന് 400 മീറ്റർ മുന്നോട്ടു മാറിയാണ് മേൽപാത അവസാനിക്കുന്നത്.
ഇതോടെ ദേശീയപാതയ്ക്കിപ്പുറമുള്ള വാനൂർ പ്രദേശം ആലത്തൂരിൽ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ സംഘടിപ്പിച്ച പ്രതിഷേധമാണ് ഫലം കണ്ടത്. വാനൂരിൽ അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ച് ഹൈവേ ജനകീയ സമരസമിതി രൂപീകരിച്ചിട്ടുണ്ട്.
നിലവിൽ സ്വാതിജംക്ഷനിലെ അടിപ്പാതയ്ക്കു വേണ്ടി വാനൂരിൽ മൂന്നിടങ്ങളിലായി ദേശീയപാത പൊളിച്ചിട്ടിരിക്കുകയാണ്. സർവീസ് റോഡും പൂർത്തിയാക്കിയിട്ടില്ല.
ഇതോടെ വാനൂർ നിവാസികൾ ദുരിതത്തിലാണ്. ടൗണിലെ കുരുക്കൊഴിവാക്കി നേരിട്ട് താലൂക്കാശുപത്രിയിലെത്തുന്നതിനു വേണ്ടി നിർമിക്കുന്ന ബൈപാസിന്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്.
ആയുർക്കുളത്തിനു സമീപത്തു നിന്നാണ് ബൈപാസ് ആരംഭിക്കുന്നത്. മേൽപാത വരുന്നതോടെ വാനൂരുകാർക്ക് ബൈപാസിലെത്താൻ സ്വാതി ജംക്ഷൻ ചുറ്റിവരണം.
എന്നാൽ വാനൂരിൽ അടിപ്പാത വരുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും. വാനൂരിലെ അടിപ്പാതയുടെ ആവശ്യകതയെക്കുറിച്ച് മനോരമ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അടിപ്പാത യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഹൈവേ ജനകീയ സമരസമിതിയൊടൊപ്പം നിന്ന് പ്രയത്നിച്ച എംപിമാരായ കെ.രാധാകൃഷ്ണൻ, വി.കെ.ശ്രീകണ്ഠൻ, കെ.ഡി.പ്രസേനൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനിബാബു, ഗ്രാമപഞ്ചായത്ത് അധ്യക്ഷ എ.ഷൈനി, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ സമരസമിതി ഭാരവാഹികളായ സി.ഉണ്ണിക്കൃഷ്ണൻ, എൽ.ഗിരീഷ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും അനുമോദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

