ചിറ്റൂർ∙ കാറിടിച്ചു പരുക്കേറ്റതിനെ തുടർന്നു താലൂക്ക് ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിത്സയ്ക്കു റഫർ ചെയ്ത് അയച്ച യുവാവ് മരിച്ചു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാതെ ഇടിച്ച കാറിലുണ്ടായിരുന്നവർ വഴിയിൽ ഇറക്കിവിട്ടെന്നു പരാതി.
പെരുമാട്ടി മീനാക്ഷിപുരം കൃഷ്ണസ്വാമിയുടെ മകൻ പാർഥിപനാണു (47) മരിച്ചത്.
ലോട്ടറി വിൽപനക്കാരനായ പാർഥിപൻ വെള്ളി രാത്രി 8 മണിയോടെ ഗോപാലപുരം ചെക്പോസ്റ്റിനു സമീപം റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ ചേർന്ന് ആംബുലൻസിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ അപകടസ്ഥലത്തുതന്നെ വിട്ട് കാറിലുണ്ടായിരുന്നവർ പോയെന്നു പറയുന്നു.
രാത്രി പാർഥിപന്റെ ചിത്രങ്ങൾ പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിൽ കണ്ടാണു സഹോദരൻ മോഹൻരാജ് ഗോപാലപുരത്തെത്തി വീട്ടിലേക്കു കൊണ്ടുപോയത്.
വീട്ടിലെത്തിയപ്പോൾ നില വഷളായി. ആശുപത്രിയിൽ എത്തിച്ചവരുടെ നമ്പർ കുറിപ്പടിയിൽ കണ്ടു വിളിച്ചപ്പോൾ, ഇൻജക്ഷൻ നൽകിയതിന്റെ ക്ഷീണമാകാം എന്നായിരുന്നു മറുപടിയെന്നു മോഹൻരാജ് പറഞ്ഞു.
ഇന്നലെ രാവിലെ പാർഥിപൻ മിണ്ടാതായതോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നീടു തലേദിവസത്തെ കുറിപ്പടി വിശദമായി പരിശോധിച്ചപ്പോഴാണു തലയ്ക്കു ഗുരുതര പരുക്കുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചുവെന്നും മനസ്സിലായത്. ഇടിച്ച കാറിലുണ്ടായിരുന്നവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞതായി മോഹൻരാജ് പറഞ്ഞു.
സത്വേശ്വരിയാണു പാർഥിപന്റെ ഭാര്യ.
മക്കൾ: കൗസല്യ, കാവ്യ. മറ്റൊരു സഹോദരൻ മഹേശ്വരൻ.കാറിന്റെ രേഖകൾ പരിശോധിച്ച് ഉടമയെ ബന്ധപ്പെട്ടപ്പോൾ ബന്ധുവിനു വാഹനം ഓടിക്കാൻ കൊടുത്തതാണെന്ന മറുപടിയാണു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
കാർ ഓടിച്ചയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം, ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിച്ച വിവരം താൻ അറിഞ്ഞിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
കുഴപ്പമില്ലെന്നും വീട്ടിൽ പോകാമെന്നും ഡോക്ടർ പറഞ്ഞതായാണ് ആംബുലൻസിൽ കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. പാർഥിപൻ ചെക്പോസ്റ്റിനു സമീപമാണു താമസമെന്നും അവിടെ വിട്ടാൽ മതിയെന്നും ബന്ധുക്കൾ പറഞ്ഞതനുസരിച്ചാണ് അവിടെ വിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]