
കൊഴിഞ്ഞാമ്പാറ ∙ റോഡ് നന്നാക്കാൻ ഫണ്ട് അനുവദിച്ചിട്ടും നവീകരണം നടത്താത്തതാണ് അപകടങ്ങൾക്കു കാരണമെന്ന് ആരോപണം. ഇന്നലെ റോഡിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ജീവൻ പൊലിയാൻ കാരണമായത് അധികാരികളുടെയും കരാറുകാരന്റെയും പിടിപ്പുകേടാണെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും നാട്ടുകാർ ആരോപിച്ചു.
റോഡ് നന്നാക്കാൻ മൂന്നര കോടി രൂപയ്ക്കു കരാറെടുത്ത്, കരാർ കാലാവധി കഴിഞ്ഞിട്ടും പണി ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
മുൻപ് ഒട്ടേറെ അപകട മരണങ്ങൾ നടന്നപ്പോൾ റോഡ് നന്നാക്കുന്നത് സംബന്ധിച്ചു നൽകിയ ഉറപ്പുകളെല്ലാം പാഴായി.
അപകടമരണങ്ങൾ തുടർക്കഥയാകുമ്പോഴും കണ്ണുതുറക്കാത്ത അധികാരികൾ സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്.തണികാചലം എന്നിവർ സ്ഥലത്തെത്തി.
പ്രതിഷേധക്കാരുമായി പൊലീസ് പലവട്ടം ചർച്ച നടത്തിയെങ്കിലും കലക്ടറോ റോഡിന്റെ നവീകരണ ചുമതലയുള്ള കെആർഎഫ്ബി അധികൃതരോ സ്ഥലത്തെത്തി ഉറപ്പു നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നു പ്രതിഷേധക്കാർ അറിയിച്ചു.
സംസ്ഥാനാന്തര പാതയായതിനാൽ പ്രതിഷേധ സ്ഥലത്തു നിന്നും ഇരുവശത്തേക്കും വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ ചിറ്റൂരിൽ നിന്നുൾപ്പെടെയെത്തിയ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിനെ തുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ.മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജി.കെ.കുമരേഷ്, പി.വിചിത്രൻ, ഷഫീക് അത്തിക്കോട്, കെ.ശ്രീകുമാർ, സി.സുനിൽകുമാർ, പി.പ്രേമദാസ്, കെ.കൃഷ്ണസ്വാമി, സി.രഘു, എ.ഉബൈദ് റഹ്മാൻ, അക്ബർ തുടങ്ങി ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]