
കാഞ്ഞിരപ്പുഴ ∙ ശിരുവാണി അണക്കെട്ടിലേക്കും ശിങ്കമ്പാറ ഉന്നതിയിലേക്കും ആശ്രയമായ ശിരുവാണി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടി തഹസിൽദാർ ഷാനവാസ് ഖാൻ സ്ഥലം സന്ദർശിച്ചു. പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ കലക്ടർക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ശിങ്കമ്പാറ ഉന്നതിക്കാരുടെ പരാതി പരിഗണിച്ചായിരുന്നു പരിശോധന. കേരള- തമിഴ്നാട് അന്തർ സംസ്ഥാന കരാറിൽ ഉൾപ്പെട്ട ശിരുവാണിയിലേക്കുള്ള റോഡ് നവീകരണത്തിനായി 16 കോടി രൂപയുടെ പദ്ധതിയാണു ജലസേചന വകുപ്പു സമർപ്പിച്ചത്.
ഇതിന്റെ കരാർ നടപടികളും പൂർത്തിയായി.
എന്നാൽ റോഡരികിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തികൾ തടസ്സപ്പെട്ട അവസ്ഥയിലായി. ഇതോടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ശിങ്കമ്പാറ ഉന്നതിയിലെ കുടുംബങ്ങൾ കലക്ടറെ കണ്ടു നിവേദനം നൽകി.
തുടർന്നു കലക്ടറുടെ നിർദേശപ്രകാരമാണു തഹസിൽദാർ റോഡ് സന്ദർശിച്ചത്. ശിരുവാണി അണക്കെട്ട്, ശിങ്കമ്പാറ ഉന്നതി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. ഇതിൽ ഇഞ്ചിക്കുന്ന് ചെക്പോസ്റ്റ് മുതൽ കേരളമേട് വരെയുള്ള 17 കിലോമീറ്റർ റോഡാണു നവീകരിക്കുന്നത്.
ഇതിൽ നാലുകിലോമീറ്റർ ദൂരം മുൻപു നവീകരിച്ചു. ബാക്കിയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി വശങ്ങളിലെ മരങ്ങളും മുറിച്ചു നീക്കണം.
എന്നാൽ പരിസ്ഥിതിക്കും വന്യമൃഗങ്ങളുടെ സഞ്ചാരത്തിനും റോഡ് നിർമാണം ദോഷകരമാകുമെന്നു ചൂണ്ടിക്കാട്ടി വനംവകുപ്പിനു പരാതി ലഭിച്ചിരുന്നു.
ഇതോടെ വനംവകുപ്പിൽ നിന്നുള്ള അനുമതിയും വൈകി. കരാറുകാർ പ്രവൃത്തികൾ ആരംഭിക്കാനിരിക്കെയായിരുന്നു സംഭവം.
ഇതോടെയാണ് ഉന്നതിക്കാരും രംഗത്തെത്തിയത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഉന്നതിയിലുള്ളവർ ഏറെ ദുരിതത്തിലാണ്.
ആശുപത്രി ആവശ്യങ്ങൾക്കും റേഷൻ വാങ്ങുന്നതിനും മറ്റുമായി ഓട്ടോ- ജീപ്പ് ടാക്സികൾ വിളിച്ചാണ് ഇവരുടെ യാത്ര. ഇതിനു വൻ തുക ചെലവഴിക്കേണ്ട
അവസ്ഥയിലാണ്. റോഡ് നവീകരിച്ചാൽ ഇതിനു പരിഹാരമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]