
മേപ്പറമ്പ് ഗവ.യുപി സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കാൻ 25 ലക്ഷം രൂപ കൂടി അനുവദിച്ചു
പാലക്കാട് ∙ മേപ്പറമ്പ് ഗവ.യുപി സ്കൂളിൽ ക്ലാസ് മുറികളുടെ കുറവു പരിഹരിക്കാൻ നിർമിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൂടി അനുവദിച്ചു.
കെട്ടിട നിർമാണത്തിനായി കിഫ്ബിയിൽ നിന്നനുവദിച്ച1.3 കോടി രൂപ തികയാത്ത സാഹചര്യത്തിലാണു നടപടി. കൂടുതൽ തുക അനുവദിച്ചില്ലെങ്കിൽ നിർമിക്കുന്ന ക്ലാസ് മുറികളുടെ എണ്ണം കുറയ്ക്കേണ്ട
സാഹചര്യം ഉണ്ടായിരുന്നു. ഇക്കാര്യം നഗരസഭാംഗം മിനി ബാബുവും പിടിഎയും എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണു തുക അനുവദിച്ചത്. സ്കൂൾ പരിസരത്തു വെള്ളക്കെട്ടു പ്രശ്നം ഉള്ളതിനാൽ അടിത്തറ കൂടുതൽ ബലപ്പെടുത്താൻ അധിക ഫണ്ട് വകയിരുത്തേണ്ടി വന്നതോടെയാണു പ്രതിസന്ധി ഉണ്ടായത്. 500ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 8 ക്ലാസ് മുറികളും കുറവുണ്ട്.
പുതിയ കെട്ടിടത്തിൽ 6 ക്ലാസ് മുറികളാണു നിർമിക്കുന്നത്.കിഫ്ബിയിൽ ഉൾപ്പെടുത്തി കിലയുടെ നേതൃത്വത്തിലാണു കെട്ടിടം നിർമിക്കുന്നത്. ഈ സാഹചര്യത്തിൽ അധികം അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തിയും കിലയുടെ നേതൃത്വത്തിൽ നടത്താൻ പ്രത്യേകാനുമതി തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ധനമന്ത്രിക്കു കത്തു നൽകിയിരുന്നു.
അനുകൂല നടപടി ഉണ്ടാകുമെന്നു മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]