ചെർപ്പുളശ്ശേരി ∙ മലബാറിലെ ‘ശബരിമല’യെന്നു വിശേഷണമുള്ള ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് വൃശ്ചികമാസ പുണ്യപുലരിയിൽ ശരണമന്ത്രമുഖരിതമായി. വ്രതമെടുത്ത് മാലയിടാനും അയ്യനെ കാണാനുമായി എത്തിയത് പതിനായിരങ്ങൾ.
മണ്ഡലാരംഭദിനമായ ഇന്നലെ സ്വാമിഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പുലർച്ചെ അയ്യപ്പന്റെ ശ്രീകോവിൽ നട തുറന്നു.
‘സ്വാമിയേ..ശരണമയ്യപ്പാ..എന്ന മന്ത്രധ്വനികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗുരുസ്വാമിമാരായ പി.മണികണ്ഠൻ, സി.സേതുമാധവൻ, വി.ബാലകൃഷ്ണൻ, നാരായണൻ, ബാലകൃഷ്ണൻ, നെല്ലായ ബാലൻസ്വാമി എന്നിവർ അയ്യപ്പഭക്തരെ വ്രതമാല അണിയിച്ചു.
കന്നിസ്വാമിമാരും മാളികപ്പുറങ്ങളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ മാലയിടാനും കെട്ടുനിറയ്ക്കും അയ്യപ്പനെ തൊഴുതു പ്രണമിക്കാനും വഴിപാടു സമർപ്പണത്തിനുമായി ശാസ്താസന്നിയിലെത്തി. മാലയിടാനും ദർശനത്തിനുമായി സന്ധ്യയ്ക്കും ഒട്ടേറെ ഭക്തരെത്തി.
മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 12 ദിവസത്തെ വിശേഷാൽ തന്ത്രിപൂജ, നവകം, പഞ്ചഗവ്യം എന്നിവയ്ക്കും മണ്ഡലാരംഭത്തിൽ തുടക്കമായി.
പതിമൂന്നാം ദിവസം കളഭാഭിഷേകവും നടത്തും. പ്രഭാതശീവേലിക്കു ശേഷം 40 ദിവസം നീളുന്ന അയ്യപ്പൻതീയ്യാട്ടിന് അഗ്രശാലയിൽ കൂറയിട്ടു. രാത്രി തിയ്യാടി ജയചന്ദ്രൻ നമ്പ്യാരുടെ കാർമികത്വത്തിൽ അയ്യപ്പൻ തീയ്യാട്ടിനും തുടക്കമായി.
41 ദിവസത്തെ കേളിയും ചുറ്റുവിളക്കും തുടങ്ങി.
ഡിസംബർ 13നാണു ദേശവിളക്ക് ആഘോഷം. ഡിസംബർ 1, 22, 24 എന്നീ തീയതികളിൽ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്കുമുണ്ടാകും.
മണ്ഡല ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും വിരി വയ്ക്കാനും മാലയിടാനും കെട്ടുനിറയ്ക്കും ഉള്ള സൗകര്യവും ദിവസവും അയ്യപ്പഭക്തർക്ക് പ്രഭാതഭക്ഷണ വിതരണവും ഉണ്ടാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

