കോയമ്പത്തൂർ ∙ നാട്ടുകാരുടെയും വനപാലകരുടെയും ഉറക്കംകെടുത്തിയിരുന്ന തൊണ്ടാമുത്തൂരിലെ ഒറ്റയാൻ റോളക്സ് എന്ന കാട്ടാനയെ ഒടുവിൽ തളച്ചു. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് തൊണ്ടാമുത്തൂരിലെ ഇച്ചിക്കുളി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ആനയെ തടഞ്ഞത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ മയക്കുവെടി വച്ചു. കാട്ടിലേക്ക് ഓടാനുള്ള ശ്രമം കുങ്കികൾ ചേർന്ന് തടഞ്ഞു.
ഇതിനുമുൻപ് രണ്ടുതവണ മയക്കുവെടി ഏറ്റെങ്കിലും ആന കാട്ടിലേക്കു പോയിരുന്നു. ഏതാണ്ട് 40 വയസ്സുള്ള പൂർണ ആരോഗ്യവാനാണ് കൊമ്പനെന്ന് പിടികൂടാൻ നേതൃത്വം നൽകിയ ഫീൽഡ് ഡയറക്ടർ ഡി.വെങ്കടേഷ് അറിയിച്ചു.
സെപ്റ്റംബർ 5നാണ് പിസിസിഎഫ് ഓപ്പറേഷൻ റോളക്സിന് ഉത്തരവിട്ടത്.
വർഷങ്ങളായി ദിവസേന കാട്ടിൽ നിന്ന് രാത്രിയിൽ മാത്രം പുറത്തേക്ക് ഇറങ്ങുന്ന കാട്ടാനയാണ് റോളക്സ്. ചെറിയ ശബ്ദമോ വെളിച്ചമോ കണ്ടാൽ പോലും ആ ഭാഗത്തേക്ക് നീങ്ങാതെ സഞ്ചാരപാത മാറ്റിയാണ് കൃഷിനാശം വരുത്തിയിരുന്നത്.
ഇതുവരെ നാലു പേരുടെ മരണത്തിനു കാരണക്കാരനായി. സെപ്റ്റംബർ 19ന് ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ ഡോ.
ഇ.വിജയരാഘവന് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
പിന്നീടുള്ള 25 ദിവസങ്ങൾ വനപാലകർ പ്രത്യേക സംഘത്തെ നിയോഗിച്ച് ആന വരുന്ന വഴികളും സ്ഥലങ്ങളും കണ്ടെത്തി. ഏതൊക്കെ സ്ഥലങ്ങളിലാണ് തുടർച്ചയായി വരുന്നതെന്ന് നിരീക്ഷിച്ച് വ്യാഴാഴ്ച പുലർച്ചെ മയക്കുവെടി വയ്ക്കുകയായിരുന്നു.
വനം വകുപ്പ് ഡോക്ടർമാരായ എസ്.വെണ്ണിലാ, കെ.കലൈവാണൻ, കെ.രാജേഷ് കുമാർ, മുത്തുരാമലിംഗം എന്നിവരാണ് പിടികൂടാൻ നേതൃത്വം നൽകിയത്. കുങ്കിയാനകളായ വാസിം, കപിൽദേവ്, ബൊമ്മൻ എന്നിവരുടെ സഹായത്തോടെ ആരോഗ്യപരിശോധനയ്ക്കു ശേഷം പുലർച്ചെ 7 മണിയോടെ പ്രത്യേക ലോറിയിൽ കയറ്റി ടോപ് സ്ലിപ്പ് വരകളിയാർ ക്യാംപിലേക്കു കൊണ്ടുപോയി. മഴ കാരണമാണ് പിടികൂടാൻ വൈകിയതെന്നും ദിവസങ്ങൾ നീളുന്ന നിരീക്ഷണത്തിനുശേഷം ആനയെ കുങ്കിയാക്കണോ എന്നു തീരുമാനിക്കുമെന്നും കോയമ്പത്തൂർ ഡിഎഫ്ഒ എൻ.ജയരാജ് പറഞ്ഞു.
അക്രമവാസന തുടർച്ചയായി കാണിക്കുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു വിടുമെന്നും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]