പാലക്കാട് ∙ പത്തുവർഷത്തോളമായി ചുണ്ണാമ്പുതറ – ശംഖുവാരത്തോട് റോഡ് തകർന്ന നിലയിൽ. ആഴത്തിലുള്ള കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുകയാണ്.
റോഡ് തകർന്നിട്ട് ഏറെക്കാലമായെങ്കിലും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു വാർഡുകൾ ഉൾപ്പെടുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാംഗങ്ങളെ ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കുഴിയിൽ വീണ് ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇതിൽ കൂടുതലും സ്ത്രീകളാണ്. കുണ്ടും കുഴിയും ചാടിയുള്ള യാത്രയിൽ പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. ഒലവക്കോട് – മേഴ്സി കോളജ് റൂട്ടിലോടുന്ന ഏക ബസും ഇതുവഴിയാണു പോകാറുള്ളത്. ബസ് കുഴികൾ വെട്ടിക്കാനായി ശ്രമിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് അപകടഭീഷണിയായി മാറുകയാണ്.
മഴക്കാലത്ത് റോഡിലെ കുഴികളിൽ ചെളിവെള്ളം നിറയും. കൂടാതെ, ചുണ്ണാമ്പുതറ ഭാഗത്തുള്ള റെയിൽവേ അടിപ്പാതയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.
വലിയ വാഹനങ്ങൾ പോകുമ്പോൾ ഇത് യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കും.
സമീപത്തെ തോട്ടിൽ നിന്നുള്ള മലിനജലമാണ് ഇവിടെ കെട്ടിനിൽക്കുന്നത്. ഇവിടെ ഇരുചക്ര വാഹനങ്ങളും തെന്നിവീഴുന്നുണ്ട്.
റോഡ് തകർച്ചയും മലിനജലം കെട്ടിക്കിടക്കുന്നതും ഉൾപ്പെടെയുള്ള ദുരിതം പേറുകയാണ് പ്രദേശവാസികൾ. റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എച്ച്.ഷാഹുൽ ഹമീദ് റോഡിനരികെ ഒറ്റയാൾ പ്രതിഷേധ ധർണ നടത്തി. റോഡ് നവീകരണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഉടൻ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്നും നഗരസഭാംഗം വി.നടേശൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]