ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം സജ്ജമായ രക്ത ബാങ്കിന്റെ ട്രയൽ റൺ വിജയകരം.
വിവിധ ഗ്രൂപ്പുകളിലുള്ള രക്തം സ്വീകരിച്ചു സംഭരിക്കാനാകുമോയെന്നതു സംബന്ധിച്ചായിരുന്നു പരീക്ഷണം. ബ്ലഡ് സർവീസ് കേരളയിൽ അംഗങ്ങളായ 6 പേരാണു ബ്ലഡ്ബാങ്കിലേക്ക് ആദ്യമായി രക്തം നൽകിയത്. കുട്ടികളുടെ കുത്തിവയ്പു കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു രക്തബാങ്ക്.
രക്തം ശേഖരിക്കൽ, രക്തത്തിലെ വിവിധ ഘടകങ്ങൾ വേർതിരിക്കൽ, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് തുടങ്ങിയവ സംഭരിക്കൽ എന്നിവയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ട്രയൽ റണ്ണിനു വിധേയമാക്കി.
24 മണിക്കൂർ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ആരോഗ്യദൗത്യം മുഖേന ഡോക്ടർ, കൗൺസിലർ, സാങ്കേതിക ജീവനക്കാർ എന്നിവരെ നേരത്തെ നിയമിച്ചിരുന്നു.
4 പുതിയ ജീവനക്കാരെ കൂടി ഇപ്പോൾ നിയമിച്ചിട്ടുണ്ട്. ഇനി 2 പേരെ കൂടി നിയമിക്കും.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പ്രതിമാസം ഇവിടെ 80 മുതൽ 100 യൂണിറ്റ് വരെ രക്തം സംഭരിക്കാനാകും.
ഒരു ദിവസം 50 യൂണിറ്റ് വരെ ശേഖരിക്കാം. 5 വർഷം മുൻപു പ്രഖ്യാപിച്ച പദ്ധതിക്കായി എംഎൽഎ ഫണ്ടിൽ നിന്ന് 74 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
കഴിഞ്ഞ മാസം അവസാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി ലഭിച്ചതോടെയാണു പദ്ധതി ട്രയൽ റണ്ണിനു സജ്ജമായത്.ബ്ലഡ് സർവീസ് കേരള കൂട്ടായ്മയിലെ അരുൺ രാഘവ്, ജയചന്ദ്രൻ, സന്ദീപ്, ശരത്, അരവിന്ദ് എന്നിവർ പരീക്ഷണ പ്രവർത്തനത്തിൽ രക്തം നൽകി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നഗരസഭാധ്യക്ഷ കെ.ജാനകീദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ഹനീഫ, കൗൺസിലർ സി.സജിത്ത് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]