ശ്രീകൃഷ്ണപുരം ∙ വലമ്പിലിമംഗലം മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി 34 വർഷം മുൻപു ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം ക്ലാസിലേക്ക് അധ്യാപകനായി എത്തിയപ്പോൾ ആദ്യം പഠിപ്പിക്കേണ്ടിവന്നതു കവിതയിലെ വൃത്തമായിരുന്നു. ഖണ്ഡം, തിശ്രം, മിശ്രം മുതലായ നടകളായി താളം സംഗീതത്തിൽ പ്രവർത്തിക്കുമ്പോൾ കവിതകളിൽ ഇവ മാത്രാഭേദമനുസരിച്ചു കാകളി, മഞ്ജരി, നതോന്നത മുതലായ വൃത്തങ്ങളായി പ്രവർത്തിക്കും.
സംഗീതത്തിന്റെയും കവിതയുടെയും ഈ പാരസ്പര്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ കഥകളും കവിതകളും ഉൾപ്പെടുന്ന മലയാളം ക്ലാസുകൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായി.
ഹൃദയഭാഷ കൊണ്ടു ജീവിതത്തിനു ലയവും താളവും നൽകിയ കവിയായ സുധാകരൻ നമ്പൂതിരിയുടെ കാവ്യാത്മക സാന്നിധ്യം ഓടക്കുഴൽ നാദം പോലെ അടുത്തുവേണമെന്നു ഗുരുവായൂരപ്പൻ വിചാരിച്ചുകാണും. സുധാകരൻ നമ്പൂതിരിയുടെ നൂറുകണക്കിനു ശിഷ്യർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇങ്ങനെ കരുതാനാണിഷ്ടം.
സുധാകരൻ നമ്പൂതിരിയുടെ സ്നേഹ സാമീപ്യം ഇനിയുള്ള ആറു മാസം ഉണ്ണിക്കണ്ണനരികിലാണ്, മാതൃസ്ഥാനമുള്ള മേൽശാന്തിയായി. സാംസ്കാരികരംഗത്തു സജീവ സാന്നിധ്യമാണ് എംഎസ്എൻ.
പാടിയും പറഞ്ഞും പ്രഭാഷണ ലോകത്തു മിന്നും പ്രകടനത്തിനുടമയായ സുധാകരൻ നമ്പൂതിരിയോടു മേൽശാന്തിയായപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിനു വാക്കുകളില്ലെന്നും അനുഭവം വിവരണാതീതമെന്നുമായിരുന്നു മറുപടി.
പിതാവായ മൂർത്തിയേടം ശങ്കരനാരായണൻ നമ്പൂതിരിയിൽ നിന്നു ചെറുപ്പത്തിൽ തന്നെ പൂജയിൽ പ്രാഥമിക പരിശീലനം നേടി. കുടുംബ ക്ഷേത്രമായ വലമ്പിലിമംഗലം പൂതൃകോവിൽ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിയായി.
സ്കൂൾ അധ്യാപകനായപ്പോഴും ഇതു തുടർന്നു. മൃദംഗത്തിലും ഘടത്തിലും പരിശീലനം നേടിയ അദ്ദേഹം മികച്ച ഗായകൻ കൂടിയാണ്.ടി.വി.ശങ്കരനാരായണൻ, ഒ.എസ്.ത്യാഗരാജൻ, വി.ദക്ഷിണാമൂർത്തി, പാലക്കാട് കെ.എസ്.നാരായണ സ്വാമി, ട്രിച്ചി.എസ്.ഗണേഷ് തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീതജ്ഞർക്കൊപ്പവും പിന്നണി വായിച്ചിട്ടുണ്ട്.
മൃദംഗം, ഘടം എന്നിവയിൽ ആകാശവാണിയുടെ അംഗീകൃത കലാകാരനാണ്.
ആനുകാലികങ്ങളിൽ കവിതയെഴുതുന്ന ഇദ്ദേഹത്തിന്റെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടികളിലും സ്വാതി സംഗീതോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.മുൻ ഗുരുവായൂർ മേൽശാന്തിയായ ജേഷ്ഠ സഹോദരൻ മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയിൽ നിന്നാണു സ്കൂളിൽ നിന്നു വിരമിച്ച ശേഷം ബൃഹത്തായ പൂജാവിധികൾ പഠിച്ചെടുത്തത്. അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നാണു മേൽശാന്തിയാകാൻ അപേക്ഷ നൽകിയതും.
നാലാമത്തെ തവണ അപേക്ഷ നൽകിയപ്പോഴാണ് അവസരം കൈവന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]