പാലക്കാട് ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ സാഹചര്യത്തിൽ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക. ഇതിനായി ഉപയോഗിക്കുന്ന ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
സംസ്ഥാനത്തെ വിവിധ സമരങ്ങളിൽ ജലപീരങ്കി പ്രയോഗം പതിവാണ്.
ലാത്തിച്ചാർജ് ഒഴിവാക്കാനും ആദ്യം ജലപീരങ്കിയാണു പ്രയോഗിക്കുക. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഇതിനെ നേരിടുന്നതും സ്ഥിരം കാഴ്ചയാണ്.
ഈ സമയത്തെല്ലാം മൂക്കിലൂടെ വെള്ളം കയറാൻ സാധ്യതയുണ്ട്. പൊലീസ് ക്യാംപുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണു ജലപീരങ്കിയിലേക്കു സാധാരണ വെള്ളം നിറയ്ക്കുക.
ഇതു രോഗാണു മുക്തമല്ലെങ്കിൽ ആശങ്കയ്ക്കു സാഹചര്യമുണ്ട്. സമരം നിയന്ത്രിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും ജലപീരങ്കി പ്രയോഗത്തിനിടെ നനയുന്നതു പതിവാണ്.
രോഗഭീഷണിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ കുളങ്ങളും കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.
നീന്തൽക്കുളങ്ങൾ ഉൾപ്പെടെ അടിയന്തരമായി ശുചീകരിക്കണമെന്നാണു നിർദേശം. ഈ സാഹചര്യത്തിലാണ് ജലപീരങ്കി പ്രയോഗം സംബന്ധിച്ചും ആശങ്ക ഉയരുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത തുടരണമെന്ന് ആരോഗ്യവിഭാഗം
പാലക്കാട്∙ ജില്ലയിൽ രണ്ടു പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയതോടെ അതത് പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത തുടരാൻ ആരോഗ്യവിഭാഗത്തിന്റെ നിർദേശം.
ജില്ലയിൽ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും നെന്മാറ സ്വദേശിക്കുമാണ് സ്ഥിരീകരിച്ചത്. അതേസമയം രോഗബാധയെക്കുറിച്ച് ജില്ലാ ആരോഗ്യവിഭാഗം ഇതു വരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഓങ്ങല്ലൂർ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജിലും നെന്മാറ സ്വദേശി തിരുവനന്തപുരത്തുമാണ് ചികിത്സയിലുള്ളത്. ഓങ്ങല്ലൂർ സ്വദേശി കുളത്തിൽ കുളിച്ചിരുന്നെങ്കിലും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ വയനാട്ടിലേക്ക് പോയിരുന്നതായും പറയുന്നു.
ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗം, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ ഓൺലൈനിൽ യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളിൽ നാട്ടുകാർക്ക് ബോധവൽക്കരണ ക്ലാസ് നൽകും.
രോഗിയുടെ വീടും പരിസരവും ക്ലോറിനേറ്റ് ചെയ്ത് ശുചീകരിച്ചു. പ്രദേശത്തുള്ളവർക്ക് കെട്ടിക്കിടക്കുന്ന വെള്ളത്തിലുൾപ്പെടെ ഇറങ്ങാതിരിക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകും.
ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യൽ തുടരും
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് നടത്തുന്ന ‘ജലമാണ് ജീവൻ’ ക്യാംപെയ്നിന്റെ രണ്ടാം ഘട്ടം സ്കൂളുകളിൽ തുടങ്ങി.
വിദ്യാർഥികൾക്ക് അമീബിക് മസ്തികജ്വരത്തെക്കുറിച്ചുൾപ്പെടെ ബോധവൽക്കരണം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം വരെ ഇത് തുടരും.
ആദ്യഘട്ടമായി ജില്ലയിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിച്ചിരുന്നു. മൂന്നാം ഘട്ടത്തിന് ഒക്ടോബർ 1ന് തുടക്കമാകും.
പൊതുകുളങ്ങളും തോടുകളും കിണറുകളുൾപ്പെടെ മുഴുവൻ ജലാശയങ്ങളുടെയും ക്ലോറിനേഷൻ, മാലിന്യനീക്കം എന്നിവ മൂന്നാംഘട്ടത്തിൽ നടത്തും.
∙ജില്ലയിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഇതുവരെ ക്ലോറിനേറ്റ് ചെയ്ത സ്വകാര്യ കിണറുകൾ– 1,79,830
∙ക്ലോറിനേറ്റ് ചെയ്ത പൊതുസ്ഥാപനങ്ങളിലെ കിണറുകൾ–1429
∙ശുചീകരിച്ച ടാങ്കുകൾ–1,07,034
വിവരങ്ങൾ മറച്ചുവച്ച് ജില്ലാ ആരോഗ്യവിഭാഗം
അമീബിക് മസ്തികജ്വരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇതു സംബന്ധിച്ചു വേണ്ടത്ര ബോധവൽക്കരണം പോലും നടത്താതെ ജില്ലാ ആരോഗ്യ വിഭാഗം. രോഗവുമായി ബന്ധപ്പെട്ട് മുൻകരുതൽ അനിവാര്യമായിരിക്കെ ഉള്ള വസ്തുതകൾ പോലും മൂടിവയ്ക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുമായി ബന്ധപ്പെട്ട
ചോദ്യങ്ങൾക്ക് ജില്ലാ ആരോഗ്യവിഭാഗം മറുപടി നൽകുന്നില്ല.
ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. അതേ സമയം രോഗവുമായി ബന്ധപ്പെട്ട
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു ജനങ്ങളിൽ ആശങ്ക പരത്തുന്നു. ഇതും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കണക്കിലെടുക്കുന്നില്ല.
ഇതര ജില്ലകളിൽ ആരോഗ്യവിഭാഗം കൃത്യമായ നടപടികൾ അറിയിക്കുന്നുണ്ടെങ്കിലും പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസ് ഉൾപ്പെടെ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നാണ് ആരോപണം. വിവരങ്ങൾ തിരക്കിയാൽ പറഞ്ഞവരോട് ചോദിക്കൂ എന്നതാണു മറുപടിയെന്നും പരാതിയുണ്ട്. ജില്ലാ കലക്ടറെങ്കിലും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]