
കാഞ്ഞിരപ്പുഴ ∙ ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്ന കോൽപ്പാടം കോസ്വേയുടെ അപ്രോച്ച് റോഡ് കരിങ്കൽ കെട്ടി താൽക്കാലിക പരിഹാരം. ഇതോടെ ആശങ്കയോടെയുള്ള യാത്രയ്ക്കു പരിഹാരമായി.
കാഞ്ഞിരപ്പുഴ–തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോസ്വേയിലെ അപ്രോച്ച് റോഡിന്റെ തകർച്ചയെക്കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു.കഴിഞ്ഞ ദിവസം കെ.ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ടവരോടു താൽക്കാലിക പരിഹാരം കാണാൻ നിർദേശവും നൽകി.
ശേഷമാണു കരിങ്കല്ലു കൊണ്ടു തകർന്ന ഭാഗം കെട്ടിപ്പൊക്കി റോഡ് നിരപ്പിനോട് എത്തിച്ചത്.ശക്തമായ മഴവെള്ള പാച്ചിലിൽ ഈ മാസം ആദ്യ വാരമാണ് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം കൂടുതൽ തകർന്നത്. കാഞ്ഞിരം ഭാഗത്തു നിന്നു കോസ്വേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണു തകർച്ച.
മുൻപും ഈ ഭാഗത്തു തകർച്ച ഉണ്ടായിരുന്നെങ്കിലും ഒന്നര മീറ്ററിലേറെ വീതിയിൽ റോഡും അഞ്ചു മീറ്ററോളം നീളത്തിൽ റോഡിന്റെ ഭിത്തിയും പുഴയെടുത്തു. കരിങ്കല്ലുകൾ ഒഴുകിപ്പോയി; ഒന്നര മീറ്ററോളം വരുന്ന റോഡിൽ വൻഗർത്തവും രൂപപ്പെട്ടിരുന്നു.
സ്വകാര്യ ബസുകൾ അടക്കം ഒട്ടേറെ ചെറുതും വലുതുമായ വാഹനങ്ങൾ ആശങ്കയോടെയാണ് ഇതു വഴി കടന്നു പോയിരുന്നത്.
ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ ദിവസേന ഒട്ടേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. നല്ലൊരു മഴ പെയ്താൽ പോലും ഏതു സമയത്തും കോസ്വേ വെള്ളത്തിൽ മുങ്ങും.
ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായാൽ താൽക്കാലികമായി കെട്ടിയ കരിങ്കൽക്കെട്ടും ഒഴുകിപ്പോകാൻ സാധ്യതയേറെയാണെന്നു നാട്ടുകാർ പറഞ്ഞു. നിലവിൽ കോസ്വേയ്ക്കു പകരം പുതിയ പാലത്തിനുള്ള സർക്കാർ നടപടികൾ ഉണ്ടെങ്കിലും എന്നു വരുമെന്നാണ് ഇരു പഞ്ചായത്തിലെയും ജനങ്ങളുടെ ചോദ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]