വടക്കഞ്ചേരി ∙ ദേശീയപാതയോട് ചേർന്ന് പന്നിയങ്കരയിൽ മൂന്നേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളം നീരുറവ വറ്റാതെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. പ്രദേശത്ത് കൃഷിക്കായി ജലം നൽകിയിരുന്ന കുളം കടുത്ത വേനലിലും വറ്റാറില്ല.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ കൊണ്ട് കുളത്തിന്റെ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. സമീപത്തെ കിണറുകളും കുളമുള്ളതിനാൽ വറ്റാറില്ല.
എന്നാലിപ്പോൾ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് കുളം. മഴ പെയ്താൽ പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും ദേശീയപാതയിൽ നിന്നും കുത്തിയൊലിച്ചെത്തുന്ന മലിനജനം കുളത്തിൽ നിറയുന്നു.
അഴുക്ക് വെള്ളവും ശുചിമുറി മാലിന്യങ്ങളും രാത്രിയുടെ മറവിൽ കുളത്തിൽ തള്ളുന്നതായും പരാതിയുണ്ട്.
ദേശീയപാതയോരത്ത് നിർത്തിയിടുന്ന വലിയ വാഹനങ്ങളിൽ നിന്നടക്കം മാലിന്യങ്ങൾ കുളത്തിൽ നിക്ഷേപിക്കുന്നു. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിടുന്ന വാഹനങ്ങളിലെ ഓയിലും ഗ്രീസും അടക്കം കുളത്തിലെ ജലത്തിൽ കലരുന്നതായും പരാതിയുണ്ട്.
പഞ്ചായത്ത് മുൻകൈ എടുത്ത് കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങൾ മുടക്കി സൈഡ് കെട്ടിയെങ്കിലും പല ഭാഗവും ഇടിഞ്ഞു.
ഇപ്പോൾ കുളത്തിൽ കുളിക്കാൻ ഇറങ്ങിയാൽ ചൊറിച്ചിൽ ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.
ഇത്രയും വലിയ കുളം പച്ചത്തുരുത്ത് പദ്ധതിയിൽ പെടുത്തി സംരക്ഷിക്കണമെന്നാണ് ആവശ്യം. കുളത്തിന് സമീപം വിവിധ വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുകയും വൈകുന്നേരങ്ങളിൽ വിശ്രമത്തിനും പ്രഭാത സവാരിക്കും കഴിയുന്ന രീതിയിൽ ഇവിടം സംരക്ഷിക്കണം.
കുളത്തിൽ അടിഞ്ഞുകൂടിയ കുളവാഴകളും മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധജലമായി ഇവിടം മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ട്. മുൻപ് നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുളം സംരക്ഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനായ കെ.ശിവദാസ് പറഞ്ഞു.
പഞ്ചായത്ത് കുളം സംരക്ഷിക്കാൻ ഫണ്ട് കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

