വാളയാർ ∙ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പൊലീസിന്റെ സുരക്ഷാ പരിശോധനയിൽ വാളയാറിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ 2 പേർ അറസ്റ്റിൽ.
ക്വാറി നടത്തിപ്പുകാരിലൊരാളായ തൃശൂർ ചാലക്കുടി മേലൂർ സ്വദേശി അഭിലാഷ് (44), സൂപ്പർവൈസറായ ചാലക്കുടി പോട്ട സ്വദേശി അർജുൻ (31) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി ക്വാറി പ്രവർത്തിപ്പിച്ചതിനും നിയമവിരുദ്ധമായി വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
പ്രതികളെ റിമാൻഡ് ചെയ്തു.
സ്ഥലത്തുനിന്നു കടന്നുകളഞ്ഞ സ്ഥലമുടമ ചിന്നസ്വാമിയെയും ക്വാറി ഏറ്റെടുത്ത മറ്റൊരാളെയും ഇനി പിടികൂടാനുണ്ട്. കഴി ഞ്ഞദിവസം വൈകിട്ടോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു കോങ്ങാമ്പാറ പൂലാമ്പാറയിൽ 10 ദിവസമായി പ്രവർത്തിച്ചിരുന്ന ക്വാറി കണ്ടെത്തിയത്.
സ്റ്റോക്ക് റൂമിൽ 18 പെട്ടികളിലായി ഒളിപ്പിച്ചു സൂക്ഷിച്ച 3,503 ജലറ്റിൻ സ്റ്റിക്കുകളും 1,265 ഡിറ്റനേറ്ററുകളുമാണു പിടികൂടിയത്.
തെങ്ങിൻതോപ്പിനു സമീപത്തായി അതീവ രഹസ്യമായാണ് ക്വാറി പ്രവർത്തിച്ചിരുന്നത്. ടൺകണക്കിനു കല്ലും മെറ്റലും ഈ സംഘം ഇവിടെനിന്നു കടത്തിയെന്നാണു പൊലീസ് പറയുന്നത്.
തമിഴ്നാട്ടിലേക്ക് ഉൾപ്പെടെ ലോറികളിൽ രാത്രിയിൽ കരിങ്കൽ ലോഡുകളും മെറ്റലും കയറ്റിക്കൊണ്ടുപോയിട്ടുണ്ടെന്നാണു വിവരം.
ഇതിലും അന്വേഷണം നടക്കുകയാണ്. ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും ട്രാക്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ ബി.പ്രമോദ്, എം.ബി.അരുൾ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

