പാലക്കാട് ∙ ജില്ലയിൽ 2 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയതോടെ അതീവ ജാഗ്രത. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും നെന്മാറ സ്വദേശിക്കുമാണു നട്ടെല്ലിൽ നിന്നുള്ള സ്രവ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുള്ളത്.
ഇതിൽ പട്ടാമ്പി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാണിയംകുളത്തെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്.
രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.
കുളത്തിൽ കുളിച്ചതുവഴിയാണു രോഗബാധയെന്നാണു പ്രാഥമിക നിഗമനം. നെന്മാറ സ്വദേശി തിരുവനന്തപുരത്താണു ചികിത്സയിലുള്ളത്.
സാരമായ ആരോഗ്യപ്രശ്നമുള്ള ഇദ്ദേഹം കിണർ വെള്ളത്തിൽ കുളിച്ചതു വഴിയാണു രോഗബാധയെന്നു സംശയിക്കുന്നു. അതേസമയം, ജില്ലയിൽ ആരോഗ്യവകുപ്പ് രോഗബാധ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
മുൻകരുതൽ
അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലസ്രോതസ്സുകളുടെ ശുചീകരണത്തിലടക്കം അടിയന്തര ശ്രദ്ധ പതിപ്പിക്കാനാണു നിർദേശം.
ജലസംഭരണ ടാങ്കുകളും ശുചീകരിക്കും. സ്വയം ചികിത്സ പാടില്ല.
പനി ലക്ഷണം ഉൾപ്പെടെ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.
ലക്ഷണങ്ങൾ
∙ പനി, തലവേദന, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. ∙ രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
∙ പനി ഇല്ലാതെയും അപസ്മാരം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. ∙ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം.
അടുത്തിടെ കുളത്തിലോ, ഇതര ജലാശയങ്ങളിലോ കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പ്രത്യേകമായി ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തണം.
പ്രതിരോധ നടപടികൾ
∙ കെട്ടിക്കിടക്കുന്നതും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ മുങ്ങുന്നതും ചാടുന്നതുമൊക്കെ ഒഴിവാക്കുക
∙ നീന്തുമ്പോൾ മൂക്കിലൂടെ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കുക. ഇതിനായി നോസ് പ്ലഗ് ഉപയോഗിക്കാം
∙ ജലാശങ്ങളുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങളിൽ അടിത്തട്ടിലെ ചെളി കലക്കുന്നത് ഒഴിവാക്കണം
∙ ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോഴും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണം
∙ റിസോർട്ടുകൾ, ഹോട്ടൽ, വാട്ടർ തീം പാർക്ക്, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ദിവസവും ക്ലോറിനേറ്റ് ചെയ്യണമെന്നാണു നിർദേശം
∙ ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ടാങ്കുകൾ 3 മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം.
ക്ലോറിനേഷൻ എങ്ങനെ?
∙ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണു ക്ലോറിനേഷൻ നടത്തുക. ∙ കിണറിലെ അഥവാ ടാങ്കിലെ വെള്ളത്തിന്റെ അളവു കണക്കാക്കി, 1000 ലീറ്ററിന് 2.5 ഗ്രാം (ഒരു തീപ്പെട്ടിക്കൂടിനുള്ളിൽ കൊള്ളുന്നത് അഥവാ ഒരു ടേബിൾ സ്പൂൺ) എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ എടുക്കണം.
∙ ബ്ലീച്ചിങ് പൗഡർ ബക്കറ്റിലെടുത്ത് വെള്ളമൊഴിച്ച് കുഴമ്പുപരുവത്തിലാക്കിയ ശേഷം ബക്കറ്റിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ച് കലക്കി 10 മിനിറ്റ് വയ്ക്കുക. ∙ തെളിഞ്ഞ ലായനി മാത്രം കോരി ഒരു ബക്കറ്റിലേക്കെടുത്ത്, അതു കയറിൽ കെട്ടിയിറക്കി വെള്ളത്തിൽ ഉലയ്ക്കുക.
അല്ലെങ്കിൽ അടിത്തട്ടിൽ കൊണ്ടുപോയി പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ∙ ഒരു മണിക്കൂറിനു ശേഷം കിണറിലെ/ടാങ്കിലെ വെള്ളം ഉപയോഗിക്കാം.
∙ ജലസംഭരണി മലിനമാണെങ്കിൽ വൃത്തിയാക്കിയ ശേഷമേ ക്ലോറിനേഷൻ കൊണ്ടു കാര്യമുള്ളു. കിണറിന്റെ അളവ്
∙ 4 അടി (1.20 മീറ്റർ) വ്യാസമുള്ള കിണറാണെങ്കിൽ ഒരു തൊടി (റിങ്) നിറയെ വെള്ളമുണ്ടെങ്കിൽ 1000 ലീറ്റർ എന്നു കണക്കാക്കാം.
വ്യാസം 8 അടിയാണെങ്കിൽ ഒരു തൊടി നിറയെ വെള്ളം 4000 ലീറ്റർ കാണും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]