പാലക്കാട് ∙ കർഷകദിനത്തിലും ജില്ലയിൽ കഴിഞ്ഞ രണ്ടാംവിള നെല്ലിന്റെ വില കാത്തിരിക്കുന്നത് 27,851 കർഷകർ. 200.93 കോടി രൂപയാണ് ഈയിനത്തിൽ കർഷകർക്കു വിതരണം ചെയ്യാനുള്ളത്.മേയ് 10 വരെ അംഗീകരിച്ച പിആർഎസുകളിൽ നെല്ലുവില നൽകുന്നുണ്ടെന്നു സപ്ലൈകോ പറയുമ്പോഴും എസ്ബിഐ വഴിയുള്ള വില വിതരണം സാങ്കേതിക കുരുക്കിലാണ്.
വില വിതരണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചെന്നും നാളെ മുതൽ വില നൽകുമെന്നാണു ബാങ്ക് സപ്ലൈകോയെ അറിയിച്ചിട്ടുള്ളത്.ജില്ലയിൽ സപ്ലൈകോയ്ക്കു നെല്ലളന്ന 57,325 കൃഷിക്കാരിൽ ഇതുവരെ 29,474 പേർക്കാണു വില നൽകാൻ നടപടിയായിട്ടുള്ളത്.ഓണത്തിനു മുൻപു മുഴുവൻ കർഷകർക്കും രണ്ടാംവിള നെല്ലിന്റെ വില നൽകുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചിട്ടുണ്ട്. ഈ ഉറപ്പു പാലിക്കണമെങ്കിൽ കേന്ദ്ര താങ്ങുവിലയുടെ ഒരു വിഹിതമെങ്കിലും കേരളത്തിനു ലഭിക്കണം.
മുൻപ് ഒരു കാലത്തും ഇല്ലാത്ത വിധത്തിലാണ് ഇത്തവണ കേന്ദ്രവിഹിതം വൈകുന്നതെന്നു കേരളം ആരോപിക്കുന്നു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടും നടപടി വൈകുകയാണ്.
വഞ്ചനാദിനം ആചരിക്കും
പാലക്കാട് ∙ നെൽക്കർഷകരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ഇന്നു വഞ്ചനാദിനം ആചരിച്ച് കുഴൽമന്ദം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലേക്കു കർഷക മാർച്ച് നടത്തുമെന്നു കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ രണ്ടാംവിള നെല്ലിന്റെ വില ഉടൻ നൽകുക, വിള ഇൻഷുറൻസ് കുടിശിക ലഭ്യമാക്കുക, നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 40 രൂപയാക്കുക, പിആർഎസ് വായ്പ ഒഴിവാക്കി കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നേരിട്ടു നെല്ലുവില നൽകുക, കർഷക പെൻഷൻ കുടിശിക അനുവദിക്കുക, രാസവള വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്.
കർഷക സംരക്ഷണ സമിതി കേരളയുടെ നേതൃത്വത്തിലും ഇന്നു കരിദിനമായി ആചരിക്കും. കോട്ടമൈതാനം അഞ്ചുവിളക്കിനു സമീപമാണു കർഷകരുടെ പ്രതീകാത്മക പ്രതിഷേധം.
നെല്ലെടുപ്പിന്റെ ഓരോ ഘട്ടത്തിലും കർഷകരെ ദ്രോഹിക്കുകയാണ്. സംസ്ഥാനം താങ്ങുവില വിഹിതം വെട്ടിക്കുറയ്ക്കുന്നു.
പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്നു സംസ്ഥാനത്തിന് അർഹതപ്പെട്ട ജലം നേടിയെടുക്കാൻ നടപടിയില്ല.
വന്യമൃഗശല്യത്തിനു പരിഹാരം കാണാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറുന്നു. ഇതിനെതിരെയാണു പ്രതിഷേധമെന്നു ഭാരവാഹികൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]