
പാലക്കാട്ട് സംഘർഷം; ബിജെപി, കോൺഗ്രസ് നേർക്കുനേർ
പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസിലേക്കു ബിജെപിയും അതിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലേക്കു യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചുകളിൽ സംഘർഷം. പൊലീസ് സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കോൺഗ്രസ് വക്താവ് സന്ദീപ് വാരിയരുടെയും നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിൽ സമരം നടത്തിയതോടെ രാത്രി വൈകിയും സംഘർഷത്തിന് അയവുണ്ടായില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചെന്നും അദ്ദേഹം മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് രാവിലെ എംഎൽഎ ഓഫിസിലേക്കു ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
പൊലീസ് ഒന്നിലേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകരെ സ്റ്റേഷനിലേക്കു കൊണ്ടുപോയ പൊലീസ് ജീപ്പ് തടയാനും ശ്രമമുണ്ടായി. ബിജെപി മാർച്ചിനിടെ രാഹുലിനെതിരെ വധഭീഷണി മുഴക്കിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ആദ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, തുടർന്നു ലാത്തിവീശി.
മാർച്ച് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അടിയേറ്റു. സന്ദീപ് വാരിയരെ പൊലീസ് വലിച്ചിഴച്ചു. സംഘർഷം കോർട്ട് റോഡിലേക്കു നീണ്ടതോടെ സുൽത്താൻപേട്ട
– ജില്ലാ ആശുപത്രി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും പ്രവർത്തകരുമായി പലതവണ വാക്കേറ്റമുണ്ടായി. 2 ആശുപത്രികൾക്കു സമീപത്തായിരുന്നു സംഘർഷം. തുടർന്നു ബിജെപി പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്കു നടത്തിയ മാർച്ച് തുടക്കത്തിൽത്തന്നെ പൊലീസ് തടഞ്ഞു.
എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് – ‘ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണം’
പാലക്കാട് ∙ കോൺഗ്രസ് നേതാക്കൾക്കു നേരെ കൊലവിളി നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. എംഎൽഎയും കോൺഗ്രസ് സംസ്ഥാന വക്താവ് സന്ദീപ് വാരിയരും ഉൾപ്പെടെ നേതാക്കൾ രാത്രി പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു.
പാലക്കാട്ട് ബിജെപി ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ രാത്രി കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ. കെപിസിസി വക്താവ് സന്ദീപ് വാരിയർ സമീപം.
ചിത്രം: മനോരമ
സ്റ്റേഷനു മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവമറിഞ്ഞു കൂടുതൽ പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ പൊലീസ് ഗേറ്റ് പൂട്ടി.
മറ്റു സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസെത്തിയാണു പ്രവർത്തകരെ നിയന്ത്രിച്ചത്. എഎസ്പി രാജേഷ് കുമാർ സ്റ്റേഷനിലെത്തി എംഎൽഎയുമായി ചർച്ച നടത്തി.
നടപടി സ്വീകരിക്കാമെന്ന് എഎസ്പി ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചതായി എംഎൽഎ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]