അകത്തേത്തറ ∙ ഈ ഫെബ്രുവരിയിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നു ജില്ലാ ഭരണകൂടം നിർദേശിച്ച നടക്കാവ് റെയിൽവേ മേൽപാല നിർമാണം ഇപ്പോഴും അക്കരയിക്കരെ നിൽക്കുകയാണ്. ഇനിയും 2 സ്പാനുകളിൽ ഗർഡറുകൾ പോലും സ്ഥാപിച്ചിട്ടില്ല.
ഗർഡർ സ്ഥാപിച്ച മറ്റു 2 സ്പാനുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടില്ല. ഇതെല്ലാം പൂർത്തീകരിച്ചു വേണം പാലം കൂട്ടിമുട്ടിക്കാൻ.
ഫെബ്രുവരിയിൽ പാലം നിർമാണം പൂർത്തിയാക്കണമെന്ന ജില്ലാ കലക്ടറുടെ നിർദേശവും പാലിക്കപ്പെടില്ലെന്ന് ഉറപ്പായി. ഇതിനു മുൻപു ഡിസംബർ 31നു മുൻപു പാലം നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ജില്ലാ കലക്ടറുടെ നിർദേശം.
അതു പാലിക്കപ്പെടാതെ വന്നതോടെയാണു ഫെബ്രുവരി വരെ നീട്ടിക്കൊടുത്തത്. അതും പാലിക്കാത്ത സ്ഥിതിയാണ്.
2017 ഒക്ടോബർ 7നാണ് നടക്കാവിൽ റെയിൽവേ മേൽപാല നിർമാണത്തിനു തറക്കല്ലിട്ടത്.
2021 ജനുവരി 23നു നിർമാണോദ്ഘാടനം നടത്തി. ഒരു വർഷത്തിനകം പാലം പണി പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്.
പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 20 മുതൽ ഇതുവഴിയുള്ള ബസ് ഗതാഗതം അടക്കം പൂർണമായും നിരോധിച്ചു. ആ നിരോധനം 2026ലും തുടരുന്നു.
ഒപ്പം യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതവും.
പ്രവൃത്തി ഇത്തരത്തിൽ നീണ്ടു പോകുന്നതു മനുഷ്യാവകാശ ലംഘനമെന്നു മനുഷ്യാവകാശ കമ്മിഷനും അഭിപ്രായപ്പെട്ടിരുന്നു. പ്രവൃത്തി നടത്തുന്നുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്നു പറയാം.
ആ വിധത്തിലാണു നിർമാണം. ഇത് എന്നു പൂർത്തിയാക്കാനാകുമെന്നു നിർമിക്കുന്നവർക്കു പോലും അറിയില്ല.
റെയിൽവേ ട്രാക്കിനു നേരെ മുകളിലുള്ള ഭാഗവും ഇരുവശത്തുള്ള സമീപ സ്പാൻ നിർമാണവും റെയിൽവേയാണു പൂർത്തിയാക്കേണ്ടത്. ഈ പ്രവൃത്തി 90 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്.
ബാക്കിയുള്ള സ്പാനുകളും അപ്രോച്ച് റോഡും സർവീസ് റോഡും നിർമിക്കേണ്ടതു റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷമാണ്. ആ പ്രവൃത്തിയാണ് ഇപ്പോഴും നീണ്ടുപോകുന്നത്.
പാലം നിർമാണത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ കടുപ്പിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

