കൂട്ടുപാത ∙ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്നു കെഎസ്ഇബി ഫ്യൂസ് ഊരി രണ്ടാഴ്ച പിന്നിട്ടിട്ടും മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ല. ഇന്നലെയും ഉദ്യോഗസ്ഥർ ജോലി ചെയ്തത് മൊബൈൽ ഫോൺ വെട്ടത്തിൽ.
ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ നിരീക്ഷണ സംവിധാനം നിലച്ചതു മാത്രമല്ല, നേരത്തേയുള്ള പിഴത്തുക ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും നിർത്തിവയ്ക്കേണ്ടി വന്നു.
5 ഇലക്ട്രിക് വാഹനങ്ങളും കട്ടപ്പുറത്തായതിനാൽ രണ്ടാഴ്ചയിലേറെയായി സ്ക്വാഡിന്റെ പരിശോധനയും സ്തംഭിച്ചു. ഒരാഴ്ച മുൻപു ട്രാൻസ്പോർട് കമ്മിഷണറുടെ ഓഫിസിൽ നിന്നു കുടിശിക തുക സംബന്ധിച്ചു വിവരം തേടിയതല്ലാതെ മറ്റു നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഓഫിസിന്റെ മെയ്ന്റനൻസ് ചുമതലയുള്ള കെൽട്രോണുമായുള്ള കരാർ ഉടമ്പടിയിലുണ്ടായ തർക്കമാണ് ബിൽ അടയ്ക്കുന്നതു വൈകാൻ കാരണം. ഇതു പരിഹരിക്കാനും വകുപ്പു തലത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതിമാസം രണ്ടരക്കോടി രൂപയുടെ വരുമാനം സർക്കാരിനു നൽകുന്ന ഓഫിസിനാണ് ഈ ഗതികേട്.
ഉദ്യോഗസ്ഥർ പതിവുപോലെ ഓഫിസിലെത്തുന്നുണ്ടെങ്കിലും കാര്യമായി ജോലികളൊന്നും ചെയ്യാനാകുന്നില്ല. പഴയ ബിഎസ്എൻഎൽ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് എൻഫോഴ്സ്മെന്റ് ഓഫിസാക്കി മാറ്റിയത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസാണിത്. പകൽ ജനാലകളും മറ്റും തുറന്നിട്ട് ഓഫിസ് പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെങ്കിലും രാത്രി ഡ്യൂട്ടിക്കെത്തുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്.
പൂർണമായി ഇരുട്ടടഞ്ഞ ഓഫിസിനുള്ളിലാണ് രാത്രി ഡ്യൂട്ടി.
ഓഫിസിലേക്കുള്ള വഴിയിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശുചിമുറി സൗകര്യം പോലുമില്ലാതെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടാഴ്ചയോളമായി ജോലിചെയ്യുന്നത്.
നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ കുടിശികയായതിനെ തുടർന്ന് ഈ മാസം 2നാണ് മരുതറോഡ് കെഎസ്ഇബി അധികൃതർ എൻഫോഴ്സ്മെന്റ് ഓഫിസിലെ വൈദ്യുതിബന്ധം വിഛേദിച്ചത്.
2 മാസത്തെയും കൂടി 55,476 രൂപയാണ് അടയ്ക്കാനുള്ളത്. ഇതിനൊപ്പം ജനുവരിയിലെ 23,332 രൂപയുടെ ബില്ലും കൈമാറിയിട്ടുണ്ട്.
ഈ മാസം 24നാണ് ഈ ബിൽ അടയ്ക്കേണ്ടത്. ഇരുട്ടടഞ്ഞ ഓഫിസിനുള്ളിലെ ജോലി ജീവനക്കാരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്.
വിഷയത്തിൽ ജീവനക്കാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

