പാലക്കാട് ∙ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ പാലക്കാട് വലിയങ്ങാടിയുടെ സമഗ്ര വികസനത്തിന് 140 കോടി രൂപയുടെ കേന്ദ്ര പദ്ധതിക്ക് അംഗീകാരം. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതി സ്പെഷൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ് (എസ്എഎസ്സിഐ) പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ 50 കോടിയും രണ്ടാം ഘട്ടമായി 90 കോടി രൂപയുമാണു വലിയങ്ങാടി വികസനത്തിനായി ലഭിക്കുകയെന്നു നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള സർവേ നടപടികളിൽ 80 ശതമാനം പൂർത്തിയായി.
ബാക്കി വിശദാംശങ്ങൾ കൂടി ശേഖരിച്ച് നവംബർ ആദ്യത്തോടെ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണു ലക്ഷ്യമിടുന്നത്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതോടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കാനാകും.
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്റെ നേതൃത്വത്തിൽ സർവേ പ്രവൃത്തികളടക്കം വിലയിരുത്തി.
പദ്ധതി ഇങ്ങനെ
∙ 60 ഹെക്ടർ വരുന്ന വലിയങ്ങാടി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തി ഊർജിത വ്യാപാരം. ഒപ്പം ഷോപ്പിങ് അനുഭവമാക്കലും.
വിനോദത്തിനും സൗകര്യം. ∙ പച്ചക്കറി, മീൻ മാർക്കറ്റുകൾ, പരിസരത്തെ സ്കൂളുകൾ, നഗരസഭ കെട്ടിടം, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ് തുടങ്ങിയ പൊതു ആസ്തികളുടെ നവീകരണം. ഒപ്പം പ്രദേശത്തെ കുളം, കനാൽ എന്നിവ നവീകരിച്ച് ഇതിനോടു ചേർന്ന് പാർക്ക്, ഫുഡ് സ്ട്രീറ്റ്, വാഹന പാർക്കിങ് സൗകര്യം ഒരുക്കുക.
കോഴിക്കോട് മിഠായിത്തെരുവുപോലെ പാലക്കാട് വലിയങ്ങാടിയെയും അതിന്റെ വ്യാപാര ചരിത്രം ഒട്ടും ചോരാതെ നവീകരിച്ച് ഷോപ്പിങ് അനുഭവ കേന്ദ്രമാക്കുക.
∙ വലിയങ്ങാടി നേരിടുന്ന പ്രധാന പ്രശ്നം കാലപ്പഴക്കം ഏറെയുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുമാണ്.
നിലവിൽ വിനോദത്തിന് ഒരുവിധ സൗകര്യവും ഇല്ല. വാഹന പാർക്കിങ് സൗകര്യവും പരിമിതമാണ്. ∙ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും വലിയങ്ങാടിക്ക് പരമാവധി ഏകീകൃത രൂപം ലഭ്യമാക്കാനുമായി ഉടമസ്ഥരുടെയും വ്യാപാരികളുടെയും സഹായത്തോടെ പ്രദേശത്തെ പ്രത്യേക ബ്ലോക്കുകളായി തിരിച്ച് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടവും വ്യാപാര സൗകര്യവും ഒരുക്കുന്നതാണു പ്രധാന പദ്ധതി.
ഇതിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല. ലഭ്യമായ സ്ഥലത്താകും നിർമാണം.
പ്രദേശത്തെ ഭൂമി, കെട്ടിടം സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കങ്ങളിലും പരിഹാരം കാണേണ്ടതുണ്ട്.
∙ തുടർ പദ്ധതി പ്രവർത്തനങ്ങൾ സാധ്യമാക്കാനായി 51: 49 അനുപാതത്തിൽ സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ സൊസൈറ്റിയോ, കമ്പനിയോ രൂപീകരിക്കണമെന്നും നഗരസഭ ശുപാർശ ചെയ്തിട്ടുണ്ട്. ∙ ഊർജിത വ്യാപാരം.
സൺഡേ ഷോപ്പിങ്, ഫുഡ് സ്ട്രീറ്റ്, സമാന്തര റോഡ് ഉൾപ്പെടെ സുഗമ ഗതാഗതം, വെറുതേയിട്ടിരിക്കുന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തി കൂടുതൽ വ്യാപാര സൗകര്യം, വിനോദം ഉൾപ്പെടെ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. ∙ ശകുന്തള ജംക്ഷൻ മുതൽ മേലാമുറി വരെ നീണ്ടുകിടക്കുന്നതാണു പാലക്കാട് വലിയങ്ങാടി. ജില്ലയിലേക്കാവശ്യമായ ഉപ്പു തൊട്ടുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]