വടകരപ്പതി ∙ വ്യാജ രേഖകൾ ചമച്ച് 10 ഏക്കർ ഭൂമിയൂടെ പട്ടയമുണ്ടാക്കിയെന്ന പരാതിയിൽ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ല. തുടർന്ന് വില്ലേജ് ഓഫിസിനു മുൻപിൽ കുടുംബങ്ങളുടെ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
പരിശക്കൽ സത്രം വി.ജയശീലൻ, മേനോൻപാറ നല്ലുവീട്ടുചള്ള പോൾരാജ് എന്നിവരുടെ കുടുംബങ്ങളാണ് വടകരപ്പതി വില്ലേജ് ഓഫിസിനു മുൻപിൽ ഇന്നലെ മുതൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം കൈവശം വച്ച ഭൂമിയാണിത്. 2022ൽ സ്ഥലത്തിന്റെ നികുതിയടയ്ക്കാൻ വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് ഈ കുടുംബങ്ങൾ അവരുടെ ഭൂമിയിൽ മറ്റാരോ നികുതി അടച്ചതായി അറിയുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ജയശീലന്റെ കുടുംബത്തിനവകാശപ്പെട്ട 4 ഏക്കർ ഭൂമിക്കും പോൾരാജിന്റെ കുടുംബത്തിന് അവകാശപ്പെട്ട
6 ഏക്കർ ഭൂമിക്കും വ്യാജ പട്ടയം ഉണ്ടാക്കി വില്ലേജ് ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തുകൊടുത്തിട്ടുള്ളതായും അറിയാൻ കഴിഞ്ഞു.
തുടർന്നു നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ വ്യാജ രേഖകൾ ചമച്ചതാണെന്നും അതിനു വില്ലേജ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും തെളിഞ്ഞു. കൂട്ടുനിന്ന അധികാരികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് 2 മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ മൂന്നു വർഷത്തോളമായിട്ടും റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് വീണ്ടും കലക്ടറെ സമീപിച്ചതിന്റെ ഭാഗമായി ഉദ്യോഗസ്ഥനോട് 3 ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ ഇനിയും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിനെ തുടർന്നാണ് കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ തെറ്റുകൾ ചെയ്തു വ്യാജരേഖ ചമച്ച വില്ലേജ് ഉദ്യോഗസ്ഥരായ നിക്സൺ ജോൺ, രത്നാദേവി എന്നിവർക്ക് മാതൃകാപരമായ കഠിനശിക്ഷ നൽകണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൂടാതെ സ്വന്തം ഭൂമി തിരിച്ചു കിട്ടുന്നതിനായി നിയമനടപടികൾക്കായി ചെലവാക്കിയ ആറുലക്ഷം രൂപയും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിർമിച്ച വ്യാജ പ്രമാണം റദ്ദാക്കുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]