ചെർപ്പുളശ്ശേരി ∙ മുണ്ടൂർ– തൂത സംസ്ഥാന പാതയിലെ കുളക്കാട് തിരിവിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞു, ആളപായമില്ല. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം.
ആന്ധ്രപ്രദേശിൽ നിന്ന് ഉണക്കമുളകു കയറ്റി കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണു റോഡിൽ വിലങ്ങനെ മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി മറിയുന്ന സമയത്ത് റോഡിലൂടെ മറ്റു വാഹനങ്ങൾ വരാത്തതു രക്ഷയായി.
നാലരയോടെ ക്രെയിൻ എത്തി ലോറി റോഡിന്റെ വശത്തേക്കു മാറ്റിയിട്ട ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
ചെർപ്പുളശ്ശേരി റോഡിലും പാലക്കാട് റോഡിലും ബസുകൾ ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പൊലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു കുരുക്ക് നിയന്ത്രണവിധേയമാക്കിയത്.
കുളക്കാട് തിരിവിൽ വാഹനങ്ങൾ മറിയുന്നതും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും തുടർസംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞമാസങ്ങളിലായി വലിയ ചരക്കു ലോറിയും വാനും ഈ ഭാഗത്ത് തലകീഴായി മറിഞ്ഞിരുന്നു. രണ്ടാഴ്ച മുൻപ് കർക്കടവാവു ബലിതർപ്പണത്തിനായി സ്കൂട്ടറിൽ പോകുകയായിരുന്ന സഹോദരങ്ങൾ ഈ ഭാഗത്ത് ബസ് ഇടിച്ചു മരിച്ചിരുന്നു.
നാലുവരിപ്പാതയാക്കുന്നതിനു മുൻപും ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. നാലുവരിപ്പാതയാക്കി വികസിപ്പിച്ചിട്ടും പ്രശ്നം തുടരുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]