
നെന്മാറ ∙ പോത്തുണ്ടി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു റെഡ് അലർട്ട് നൽകി. 55 അടി പൂർണ സംഭരണ ശേഷിയുള്ള പോത്തുണ്ടിയിൽ ഇന്നലെ വൈകിട്ടു നാലോടെ ജലനിരപ്പ് 53.5 അടിയായി ഉയർന്നു.
ഇതിനെത്തുടർന്നു വൈകിട്ട് നാലോടെ സ്പിൽവേ ഷട്ടറിൽ 18 സെന്റിമീറ്റർ ആയി ഉയർത്തി. ഇതോടെ പോത്തുണ്ടി അണക്കെട്ടിൽ നിന്നു വെള്ളമൊഴുകുന്ന പുഴയോടു ചേർന്ന ചാത്തമംഗലം ആറ്റുപായി പാലത്തിനു സമീപത്തെ വീട്ടിലേക്കു വെള്ളം കയറി.
റോഡിനും പാലത്തിനും സമാന്തരമായാണ് വെള്ളം ഒഴുകുന്നത്.
രാവിലെ മുതൽ മഴ പെയ്യുന്നതിനാൽ വൃഷ്ടി പ്രദേശത്തു നിന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിന് ആനുപാതികമായി ഉയർന്ന അളവിൽ സ്പിൽവേ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
കൃഷിയിടങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും വെള്ളം കൂടി പുഴയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ പുഴകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.
ശക്തമായ മഴ നെല്ലിയാമ്പതിയിലും
നെല്ലിയാമ്പതി മേഖലയിലും മഴ ശക്തമായി തുടരുന്നുണ്ട്. കാരപ്പാറയിലേക്ക് ഒഴുകുന്ന നൂറടി പുഴയിലെ കൂനംപാലം ഭാഗത്തു റോഡിലേക്കു വെള്ളം കയറി.
മഴ ശക്തമായി തുടർന്നാൽ നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നെല്ലിയാമ്പതിയിൽ നിന്നും ഒഴുകുന്ന സീതാർകുണ്ട്, പലകപ്പാണ്ടി വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് ശക്തമായിട്ടുണ്ട്. കുമ്പളക്കോട് പുഴ, കൂടല്ലൂർ പുഴ, ചേരാമംഗലം പുഴ ഭാഗങ്ങളിൽ ഇരുകരകളിലേക്കും വെള്ളം കയറുന്ന നിലയിലാണു വെള്ളത്തിന്റെ ഒഴുക്ക്.
ചുള്ളിയാർ, മീങ്കര അണക്കെട്ടുകളിൽ നിന്നും അധികജലം പുഴയിലേക്ക് ഒഴുക്കി വിടുന്നതിനാൽ ഈ പുഴകൾ സംഗമിക്കുന്ന ഗായത്രി പുഴയിലും വെള്ളം ഉയർന്നു. പുഴ കര കവിഞ്ഞൊഴുകാൻ സാധ്യതയുള്ള പാലങ്ങൾക്കു സമീപം നെന്മാറ പൊലീസ് പട്രോളിങ് നടത്തി ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]