
കൂറ്റനാട് ∙ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ടൗണാകാൻ ഒരുങ്ങുകയാണ് കൂറ്റനാട്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനാണ് ടൗൺ വികസന പദ്ധതിയുടെ മേൽനോട്ട
ചുമതല. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ് ആണ്.
കൂറ്റനാട് നഗരത്തിന്റെ മുഖഛായ മാറ്റുന്ന സമഗ്രമായ നവീകരണ പദ്ധതിയാണിത്. പദ്ധതിക്ക് 13.29 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന 20 ടൗണുകളുടെ നവീകരണം നടത്തുന്നതിൽ ഒന്നായാണ് കൂറ്റനാട് ടൗണിനെ പരിഗണിച്ചിരിക്കുന്നത്.
അടിമുടി മാറാനൊരുങ്ങി കൂറ്റനാട്
ട്രാഫിക് സിഗ്നൽ സംവിധാനം, മികച്ച റോഡുകൾ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, ഉന്നത നിലവാരത്തിലുളള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടക്കം മികച്ച രീതിയിലാണ് കൂറ്റനാട് ടൗൺ നവീകരണ പദ്ധതി ലക്ഷ്യമിടുന്നത്. നാല് റോഡുകൾ സമ്മേളിക്കുന്ന കൂറ്റനാട് ടൗണിൽ റോഡുകളുടെ വീതികൂട്ടും. പദ്ധതിയുടെ ഭാഗമായി ടൗണിൽ നിലവിലുളള കെട്ടിടങ്ങൾ ഭാഗികമായോ ചിലത് പൂർണമായോ പൊളിച്ചുമാറ്റേണ്ടിവരും കൂടാതെ ടൗണിനോടു ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമികൾ വികസനത്തിന്റെ ഭാഗമായി സർക്കാരിലേക്ക് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വികസന രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
നിലവിൽ വികസന പദ്ധതിക്കായി ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുപ്പിനായി സർവേ നടപടികൾ നടത്തി ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂമിയും കെട്ടിട
ഭാഗങ്ങളും നഷ്ടപ്പെടുന്നവർക്ക് 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണു നൽകുക. നിലവിൽ ടൗൺ വികസനത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ഡപ്യൂട്ടി കലക്ടർ കെ.ബിന്ദു, തഹസിൽദാർ എ.മുരളീധരൻ, പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൂറ്റനാട്ട് പരിശോധനകൾ നടത്തിയിരുന്നു.
പ്രാഥമിക സർവേ നടപടികളുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയത്.
നാളെ
∙ ടൗൺ നവീകരണം: കുടിയിറക്കപ്പെടുന്നവരുടെ ആശങ്കയകറ്റണം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]