
മണ്ണാർക്കാട് ∙ കുമരംപുത്തൂർ ചങ്ങലീരിയിൽ 57 വയസ്സുകാരൻ നിപ്പ ലക്ഷണങ്ങളോടെ മരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കി. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 പേർ ഐസലേഷനിൽ തുടരുകയാണ്.
നിലവിൽ സമ്പർക്കപ്പട്ടികയിൽ 106 പേരാണുള്ളത്. കണ്ടെയ്ൻമെന്റ് സോണിൽ ആദ്യദിവസം ചെറിയ ഇളവ് അനുവദിച്ചിരുന്നെങ്കിലും ഇന്നലെ മുതൽ നിയന്ത്രണം കടുപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണിൽപെട്ട
അമ്പലവട്ടയിൽ ചത്ത വവ്വാലിനെ കണ്ടെത്തി. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.
വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റു ചത്തതാണെന്നാണു പ്രാഥമിക നിഗമനം.
സമ്പർക്കപ്പട്ടികയിൽ 675 പേർ
തിരുവനന്തപുരം ∙ വിവിധ ജില്ലകളിലായി നിപ്പ സമ്പർക്കപ്പട്ടികയിൽ 675 പേർ. ഇതിൽ 178 പേർ പാലക്കാട് നിപ്പ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്.
മലപ്പുറം ജില്ലയിൽ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് ഒരാൾ ഐസിയു ചികിത്സയിൽ ഉണ്ടെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
2068 വീടുകളിൽ സന്ദർശനം പൂർത്തിയാക്കി
∙ രോഗം റിപ്പോർട്ട് ചെയ്ത കുമരംപുത്തൂർ ചങ്ങലീരിയിൽ പത്താം വാർഡിനു സമീപത്തെ 9, 11 വാർഡുകളിലെ 2068 വീടുകളിൽ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ സന്ദർശനം പൂർത്തിയാക്കി.
ഇന്നു പന്ത്രണ്ടാം വാർഡ്, മണ്ണാർക്കാട് നഗരസഭയിലെ 26, 27 വാർഡുകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും പൂർത്തിയാക്കും. ഹെൽത്ത് ഇൻസ്പെക്ടർ പി.സുനിൽ, വി.എസ്.രാമപ്രസാദ്, സി.ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി.ദീപ, എസ്.ഡാർണർ, ഇ.വി.ഷംസിയ എന്നിവർ നേതൃത്വം നൽകി.
പൊതു ഇടങ്ങളിലും വേണം ജാഗ്രത
∙ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റോ ഉപയോഗിക്കുക.
മാസ്ക് പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. ∙ പനി, ശക്തമായ തലവേദന, ഛർദി, ക്ഷീണം, ബോധക്ഷയം, കാഴ്ച മങ്ങൽ, പേശീവേദന, മാനസിക പ്രയാസം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണം.
∙ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
∙ വളർത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുമായി നേരിട്ടു സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുക. മൃഗങ്ങളെ പരിപാലിച്ചതിനു ശേഷം കയ്യും കാലും നന്നായി കഴുകി വൃത്തിയാക്കുക.
∙ പക്ഷികളുടെ കടിയേറ്റതോ വീണുകിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക. അവ കൈകൊണ്ട് എടുക്കുന്നതും ഒഴിവാക്കണം.
വവ്വാലുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ശ്രദ്ധിക്കുക
∙ വീടുകളിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റുക.
∙ കിണറിനുള്ളിലെ പാഴ്ചെടികൾ വെട്ടിമാറ്റുകയും മുകൾഭാഗം നെറ്റ് അടിച്ചു നേരിയ തുണി ഉപയോഗിച്ചു മൂടുകയും ചെയ്യുക.
∙ വീടും പരിസരവും വൃത്തിയാക്കുമ്പോൾ കയ്യിലും കാലിലും മുറിവുണ്ടെങ്കിൽ മൂടിക്കെട്ടുക. അടിച്ചുവാരുമ്പോൾ കൈകളിൽ ഗ്ലൗസ് ധരിക്കണം.
വൃത്തിയാക്കലിനു ശേഷം കൈകാലുകൾ സോപ്പിട്ടു കഴുകണം. ∙ ജനൽ, വാതിൽ, കിണർ എന്നിവ ഇഴയടുപ്പമുള്ള വലകൾ ഉപയോഗിച്ചു മൂടുക.
∙ വീടിനു മുകളിൽ വാട്ടർ ടാങ്ക് ഉണ്ടെങ്കിൽ മൂടിവയ്ക്കണം.
∙ ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുൻപു കൈകൾ നന്നായി കഴുകുക, ഭക്ഷണപദാർഥങ്ങൾ മൂടിവയ്ക്കുക, വെള്ളം 15 – 20 മിനിറ്റ് വരെ തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. ∙പഴങ്ങളും പച്ചക്കറിയും കഴുകി ഉപയോഗിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]