
ചിറ്റൂർ ∙ ഉത്തരവാദിത്ത നിർവഹണത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പൂർണപരാജയമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. അനെർട്ടിലെ കോടികളുടെ അഴിമതിക്കു നേതൃത്വം നൽകുന്ന മന്ത്രി കൃഷ്ണൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊർജ വകുപ്പിൽ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്യാൻ കൃഷ്ണൻകുട്ടിക്കു സാധിച്ചിട്ടില്ല. ഭരണത്തിന്റെ അവസാന ലാപ്പിൽ കടുംവെട്ടു നടത്തുകയാണ്.
കർഷകരെയും ആദിവാസികളെയും മറയാക്കി കോടികളുടെ അഴിമതിയാണു നടത്തിക്കൊണ്ടിരിക്കുന്നത്.
മന്ത്രി രാജിവയ്ക്കാതെ സമരങ്ങൾ അവസാനിക്കില്ല. കെഎസ്ഇബി വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നതിന്റെ ദീർഘകാല കരാർ റദ്ദാക്കിയതുൾപ്പെടെ ഊർജ വകുപ്പിനു കീഴിൽ കെഎസ്ഇബിയിലും അനെർട്ടിലും ഹൈഡൽ ടൂറിസത്തിലുമടക്കം വൻ അഴിമതിയാണു നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.സാജൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ്.തണികാചലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രതീഷ് മാധവൻ, ഷഫീക് അത്തിക്കോട്, എൻ.ജിതേഷ്, എ.ഷഫീക്ക്, പി.വി.വത്സൻ എന്നിവർ പ്രസംഗിച്ചു.
അണിക്കോട് നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്കു മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.അതിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു.
തുടർന്നു പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കുന്നതുവരെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.സാജൻ, പ്രതീഷ് മാധവൻ, എൻ.ജിതേഷ്, മുരുകേശൻ പാലത്തുള്ളി തുടങ്ങി കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]