
അപകടം ഒഴിയാതെ പാലക്കാട്–പൊള്ളാച്ചി പാത: 2 മാസത്തിനിടെ ഇരുപതിലേറെ അപകടങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എലപ്പുള്ളി ∙ അപകട മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടും പൊലീസും മോട്ടർ വാഹനവകുപ്പും പരിശോധനകൾ കർശനമാക്കിയിട്ടും പാലക്കാട്–പൊള്ളാച്ചി പാതയിലെ അപകടം കുറയുന്നില്ല. 2 മാസത്തിനിടെ ചെറുതും വലുതുമായ ഇരുപതിലേറെ അപകടങ്ങളിലായി 25 പേർക്കു പരുക്കേറ്റു. 5 പേർ മരിച്ചു. ഇരട്ടയാൽ ജംക്ഷൻ, വള്ളേക്കുളം, പള്ളത്തേരി, പാറ ജംക്ഷൻ, നോമ്പിക്കോട്, നെയ്തലപാലം, ഇരട്ടക്കുളം എന്നിങ്ങനെ ഒട്ടേറെ സ്ഥിരം ഹോട്സ്പോടുകളാണ് പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തര പാതയിലുള്ളത്. വാഹനങ്ങളുടെ അമിതവേഗത്തിനും അശ്രദ്ധയ്ക്കും പുറമേ പലയിടത്തും റോഡിനു മതിയായ വീതിയില്ലാത്തതും വളവുമാണ് അപകടങ്ങൾക്കു വഴിയൊരുക്കുന്നത്.
ഒരു വർഷം മുൻപാണു റോഡ് പുതുക്കി പണിതത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നാലുവരി പാതയായി മാറ്റാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. അപകടം കുറയ്ക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനും എലപ്പുള്ളി പഞ്ചായത്ത് പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും നിർദേശത്തോടെ പാറ ജംക്ഷനിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ടുണ്ട്. പാറ ചന്തയിലേക്കു വാഹനങ്ങൾ കടത്തിവിട്ടു നടത്തിയ പരിഷ്കാരം വിജയം കണ്ടു. ഈ മേഖലയിൽ തിരക്കും അപകടവും കുറയ്ക്കാനായിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് 2 പേർ മരിച്ചു
എലപ്പുള്ളി ∙ പാലക്കാട്–പൊള്ളാച്ചി പാതയിൽ പള്ളത്തേരി വള്ളേക്കുളത്തു കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന, ബന്ധുക്കളായ 2 പേർ മരിച്ചു. 2 സ്ത്രീകൾക്കു ഗുരുതരമായി പരുക്കേറ്റു. മായംകുളം അബൂബക്കറിന്റെ മകൻ ഓട്ടോ ഡ്രൈവർ പാറ സ്വദേശി അബ്ബാസ് (45), അബ്ബാസിന്റെ മാതാവിന്റെ സഹോദരൻ മായംകുളം കുറ്റിയംപാക്ക് പാറയ്ക്കൽ സെയ്ദ് മുഹമ്മദ് (67) എന്നിവരാണു മരിച്ചത്.
അബ്ബാസിന്റെ മാതാവ് നബീസ (65), സെയ്ദ് മുഹമ്മദിന്റെ ഭാര്യ ആമിന (62) എന്നിവർ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.അബ്ബാസും കുടുംബവും പന്നിയമ്പാടത്തെ ബന്ധുവിന്റെ മരണവീട്ടിലേക്കു പോകുമ്പോൾ ഇന്നലെ രാവിലെ 9നു വള്ളേക്കുളം ജംക്ഷനിലായിരുന്നു അപകടം. പാലക്കാട്ടു നിന്നു പൊള്ളാച്ചിയിലേക്കു പോയ കെഎസ്ആർടിസി ബസ് വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് ഓട്ടോയിൽ ഇടിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.
ആദ്യം നാട്ടുകാരും തുടർന്ന് എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സീനിയർ ഫയർ ഓഫിസർ അജിൻ ചാക്കോയുടെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി.അബ്ബാസിന്റെ കബറടക്കം നടത്തി. സെയ്ദ് മുഹമ്മദിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.അബ്ബാസ് നെയ്തലയിലെ പലചരക്കു വ്യാപാരിയുമാണ്. സജ്നയാണു ഭാര്യ. മക്കൾ: ഫാത്തിമ സഫ, ഇൻഷ ഐറിൻ. സെയ്ദ് മുഹമ്മദ് കർഷകനാണ്. ആമിന, പരേതയായ ഉമൈബ എന്നിവരാണു ഭാര്യമാർ. മക്കൾ: ഷാജഹാൻ, സബീന, ഷാജിന, ഷെറീന, സെലീന, സമീന.
വള്ളേക്കുളം അപകടം: നാടൊന്നാകെ രക്ഷാകരമായി
പള്ളത്തേരി ∙ വള്ളേക്കുളം ഉണർന്നത് അപകടത്തിന്റെ ഞെട്ടലിലാണ്. പാലക്കാട് – പൊള്ളാച്ചി റോഡിലെ വ്യാപാരികൾ കട തുറക്കുന്ന സമയമായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ പരിസരവാസികൾ ഓടിയെത്തുമ്പോൾ ഓട്ടോറിക്ഷയ്ക്കുള്ളിൽ 4 പേരും ഞെരിങ്ങിയമർന്ന നിലയിലായിരുന്നു. കയ്യിലുണ്ടായിരുന്നതു വച്ച് ഓട്ടോ പൊളിച്ച് 4 പേരെയും പുറത്തെടുത്തു. നിമിഷം നേരെ കൊണ്ട് നാട്ടുകാരൊന്നാകെ രക്ഷാപ്രവർത്തകരായി.
പരുക്കേറ്റവർക്കു പ്രാഥമിക ചികിത്സ നൽകാനും ആംബുലൻസുകൾ എത്തിക്കാനുമുള്ള ശ്രമത്തിലായിരുന്നു. വാഹനങ്ങൾ നീക്കിയും ഗതാഗതതടസ്സം മാറ്റിയും 4 പേരെയും കൊണ്ട് 108 ആംബുലൻസുകൾ കുതിച്ചു പാഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ബാസ് മരിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി 3 പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിമധ്യേയാണ് സെയ്ദു മുഹമ്മദ് മരിച്ചത്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ഇൻസ്പെക്ടർ എം.സുജിത്തും എസ്ഐ എച്ച്.ഹർഷാദും അറിയിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ വി.ടി. മധു സ്ഥലത്തെത്തി.