
പന്നിയങ്കര ടോൾപ്ലാസ: പ്രതിഷേധം ശക്തമായി; 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾപ്ലാസയിൽ 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യയാത്ര അനുവദിച്ചു. വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ ഓട്ടോ ടാക്സി ഡ്രൈവർമാരും തൊഴിലാളികളും നടത്തിയ പ്രതിഷേധ സമരത്തെ തുടർന്നാണ് കമ്പനി തീരുമാനം. അടുത്ത ഉന്നതതല യോഗം നടക്കുന്നതുവരെ ഓട്ടോറിക്ഷകളും ബൈക്കും പോകുന്ന സൗജന്യ ട്രാക്കിലൂടെ 4 ചക്ര ഓട്ടോകൾക്കും കടന്നുപോകാം. കഴിഞ്ഞ ദിവസങ്ങളിൽ 4 ചക്ര ഓട്ടോകളെ പ്രശ്നങ്ങളില്ലാതെ കടത്തിവിട്ടതായി ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം പറഞ്ഞു. ഇതിന് മുൻപ് ഈ വാഹനങ്ങളിൽ നിന്ന് ടോൾ സ്വീകരിച്ചിരുന്നു.
ഓട്ടോറിക്ഷയുടെ വാടക തന്നെയാണ് 4 ചക്ര ഓട്ടോറിക്ഷയ്ക്കും മേടിക്കുന്നതെന്നും 6 പഞ്ചായത്തുകളിലെ 9.4 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് സൗജന്യം അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ചർച്ചയ്ക്ക് ശേഷം എടുക്കും. കെ.രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ പി.പി.സുമോദ് എംഎൽഎ, കെ.ഡി.പ്രസേനൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യ യാത്ര അനുവദിക്കണം എന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം ആട്ടിമറിച്ചുകൊണ്ട് ടോൾ കമ്പനി 4 ചക്ര ഓട്ടോകളിൽ നിന്നു ചാർജ് ഈടാക്കിയതിനെ തുടർന്നാണ് വാഹനങ്ങൾ ടോൾ ബൂത്തിന് മുൻപിൽ ഇട്ട് പ്രതിഷേധിച്ചത്.
പ്രദേശവാസികളുടെ സൗജന്യത്തിൽ തീരുമാനമില്ല
∙ പന്നിയങ്കര ടോൾ പ്ലാസയിൽ 6.7 മുതൽ 9.4 കിലോമീറ്റർ വരെ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ച സർവകക്ഷി തീരുമാനം നടപ്പിലായില്ല. ടോൾ പിരിവ് ആരംഭിച്ചത് മുതൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാൽ ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രം സൗജന്യം എന്ന തീരുമാനത്തിൽ കമ്പനി ഉറച്ചു നിൽക്കുകയാണ്.
ഇതിനെതിരെ ജനപ്രതിനിധികളും നിലപാട് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അഡീഷനൽ ജില്ലാ മജിസ്റ്ററേറ്റ് കെ.മണികണ്ഠന്റെ നേതൃത്വത്തിൽ 6 പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങൾ സന്ദർശിച്ച് നിശ്ചയിച്ച പരിധി സർവകക്ഷി യോഗം അംഗീകരിച്ചു. എന്നാലിപ്പോൾ തീരുമാനം നടപ്പിലാക്കാൻ കമ്പനി തയാറാവുന്നില്ല. അപേക്ഷയുമായി എത്തുന്നവരെ തിരിച്ചയയ്ക്കുകയാണ് കമ്പനി.