ചെർപ്പുളശ്ശേരി ∙ തൃക്കടീരി (ഒന്ന്) വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ അഞ്ചു വർഷം മുൻപ് തുടങ്ങിയ നിർമാണം രണ്ടു നില കോൺക്രീറ്റ് ചെയ്ത നിലയിൽ തന്നെയാണിപ്പോഴും. രണ്ടു നിലകളുടെയും കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടു മാസങ്ങളേറെ കഴിഞ്ഞെങ്കിലും ജനൽ–വാതിൽ ഘടിപ്പിക്കൽ, ടൈൽസ് വിരിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ തുടങ്ങിയവ എന്നു തുടങ്ങുമെന്ന് ഒരു പിടിയുമില്ല.
തൃക്കടീരി (ഒന്ന്) വില്ലേജ് ഓഫിസിനെ സ്മാർട് വില്ലേജ് ഓഫിസാക്കാൻ ആറു വർഷം മുൻപാണു പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചത്.
അന്നു മുതൽ ആറു വർഷമായി വില്ലേജ് ഓഫിസ് തൃക്കടീരി നായരുപടിയിലെ വാടകക്കെട്ടിടത്തിലെ ഒന്നാം നിലയിലാണു പ്രവർത്തിക്കുന്നത്. വളവും തിരിവുകളും ഉള്ള നായരുപടിയിൽ പാർക്കിങ് സകര്യങ്ങളില്ല.
കെട്ടിടത്തിലാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കും പടികൾ കയറി മുകളിലത്തെ നിലയിൽ എത്താൻ പ്രയാസമാണ്.
പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിക്കുമ്പോൾ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം വേഗത്തിൽ യാഥാർഥ്യമാക്കും എന്ന് റവന്യു അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും വർഷം ആറു കഴിഞ്ഞെങ്കിലും അതെല്ലാം പാഴ്വാക്കായി.
നിലവിലുള്ള രണ്ടു നിലകളുടെയും അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഇവിടേക്കു പ്രവർത്തനം മാറ്റാൻ എത്ര വർഷം ഇനിയും വേണ്ടിവരും എന്നാണു തൃക്കടീരിയിലെ ജനങ്ങളുടെ ആശങ്ക.
വില്ലേജ് ഓഫിസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് എന്നു മാറ്റും എന്നു ചോദിച്ചാൽ ഉടൻ ഉണ്ടാവുമെന്നാണു റവന്യു വകുപ്പ് അധികൃതർ പറയുന്നത്. രണ്ടു വർഷത്തിലേറെയായി അധികൃതരുടെ ഈ പല്ലവി തുടങ്ങിയിട്ടെന്നും നിലവിൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി പാടേ നിലച്ച മട്ടാണെന്നും നാട്ടുകാർ പറഞ്ഞു.
തൃക്കടീരി വില്ലേജ് (ഒന്ന്) ഓഫിസ് കെട്ടിടത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഓഫിസ് പ്രവർത്തനം എത്രയും വേഗത്തിൽ ഇവിടേക്കു മാറ്റണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

