കുമരനല്ലൂർ ∙ അധ്യാപകനായും കവിയായും സാഹിത്യകാരനായും ശാസ്ത്ര പ്രചാരകനായും വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കുമരനല്ലൂർ സങ്കീർത്തനത്തിൽ പി.കെ. നാരായണൻകുട്ടി .
കൊച്ചു കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ജീവനുതുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്. അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കാത്ത ഒരു കുട്ടി പോലും ഉണ്ടാവില്ല എന്നതാണ് സത്യം.
അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം അവർക്ക് ഏറെ വേദന പകരുന്നതാണ്.
കൊപ്പം അഭയത്തിന്റെ സ്ഥാപക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിച്ച സ്നേഹ സമ്പന്നനായ മാഷിന് ആദരാഞ്ജലി അർപ്പിക്കാൻ നാനാതുറയിൽ നിന്നും നൂറുകണക്കിനാളുകളാണ് വസതിയിലെത്തിയത്.
അസുഖ ബാധിതനായി തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം മൃതദേഹം പൊതുദർശനത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജിന് ഇന്നലെ കൈമാറി.
ചെറുപുഞ്ചിരിയും തോളിലൊരു തുണി സഞ്ചിയും കൂപ്പുകൈയുമായി പി.കെ.നാരായണൻകുട്ടി മാഷ് നമുക്കൊപ്പം ഇല്ലെങ്കിലും
അദ്ദേഹത്തിന്റെ ഭൗതിക ശരീരം മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കൊപ്പം ഇനിയും ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

