ഭാരതപ്പുഴയുടെ പ്രമുഖ പോഷക പ്രവാഹമായ കൽപാത്തിപ്പുഴ കല്ലുകൾക്കിടയിലൂടെ ഒഴുകുന്നതു കൊണ്ടാകാം കൽപാത്തി എന്ന പേരു വന്നത്. പക്ഷേ, കല്ലിൽ കൊത്തിയ പാദം എന്നതിൽ നിന്നാവാം സ്ഥലനാമ ഉൽപത്തിയെന്നും ചരിത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു.
കല്ലിൽ കൊത്തിയ പാദമാകട്ടെ ജൈനക്ഷേത്ര വിശ്വാസങ്ങളെ സംബന്ധിച്ച പവിത്ര സങ്കൽപമാണ്. കൽപാത്തി ഗ്രാമത്തിനു തൊട്ടപ്പുറത്താണു ജൈനിമേടിലുള്ള ജൈനക്ഷേത്രം. ഈ അഗ്രഹാരം ഒരു ആരൂഢ ഗ്രാമമാണ്.
പാലക്കാട്ടും പരിസരങ്ങളിലുമായി 96 അഗ്രഹാരങ്ങൾ പിന്നീട് നിലവിൽ വന്നു. 14–ാം നൂറ്റാണ്ടിൽ ഇട്ടിക്കോമ്പി അച്ചൻ പണിത വിശ്വനാഥക്ഷേത്രത്തിനു ചുറ്റുമായാണ് അഗ്രഹാരവീഥികൾ രൂപംകൊണ്ടത്.
പാലക്കാട് തമിഴ് ബ്രാഹ്മണർ ഇന്നു ലോകത്ത് എവിടെയെങ്കിലും തമ്മിൽ കണ്ടാൽ കൽപാത്തിയാണോ എന്നു ചോദിച്ചുപോകും. സംഗീതം, വേദം, പുരാണം, പാചകം എന്നീ കാര്യങ്ങളിലെ നിപുണന്മാർ ഇവിടെ താമസിക്കുന്നു.
കേരളത്തിലെ പ്രിയ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ പുതിയ കൽപാത്തിയാണ്.
പുതിയ തലമുറയിൽപെട്ട ടി.കെ.ശങ്കരനാരായണന്റെയും വാസം ഇവിടെത്തന്നെയാണ്.
ഉപകരണ സംഗീത വിദഗ്ധരും ഇവിടെ ഒട്ടേറെയുണ്ട്. ലോകപ്രസിദ്ധ മൃദംഗ വിദ്വാൻ പാലക്കാട് മണി അയ്യർ കൽപാത്തിക്കാരനാണ്.
മഹാന്മാരും വിദ്യാസമ്പന്നരും വി.ആർ.കൃഷ്ണയ്യരെപോലുള്ള പ്രസിദ്ധരും ഇവിടത്തെ സന്തതികളാണ്. പഴയ കൽപാത്തിയിലെ ആർ.എസ്.വാധ്യാർ എന്ന പുസ്തക പ്രസാധന സ്ഥാപനം പേരുകേട്ടതാണ്.
ഗവേഷണ വിദ്യാർഥികൾ പോലും ഇവിടെ വന്നാണ് പല അമൂല്യ ഗ്രന്ഥങ്ങളും സ്വന്തമാക്കുന്നത്. 1988 വരെ അതത് അഗ്രഹാര വീഥികളിൽ തേരിനോടനുബന്ധിച്ച് സംഗീതക്കച്ചേരികൾ, നാഗസ്വര കച്ചേരികൾ, കഥാപ്രസംഗങ്ങൾ എന്നിവ നടന്നിരുന്നു.
മുൻമന്ത്രി സി.എം.സുന്ദരത്തിന്റെ ശ്രമഫലമായി 1988നു ശേഷം ദേശീയ സംഗീതോത്സവമായി ഉയർത്തപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അതിനു പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തു.
സി.എം.സുന്ദരത്തിന്റെ ശ്രമഫലമായി യുനെസ്കോ പ്രതിനിധികൾ ഇവിടെ സന്ദർശിക്കുകയും കൽപാത്തിയെ പൈതൃക ഗ്രാമമായി അംഗീകരിക്കുകയും ചെയ്തു. വീടിന്റെ അറ്റങ്ങൾ തമ്മിൽ പൂമാല പോലെ കോർത്തിണക്കിയ രീതിയെയാണ് അഗ്രഹാരം എന്നു പറയുന്നത്.
ഒരു വ്യക്തിക്കും രണ്ടു ചുമരുകൾ അവകാശപ്പെടാൻ പറ്റാത്ത രീതിയിലാണു നിർമാണം. വീടുകളുടെ മുറ്റത്തു നട്ട
വാശലും ഇരുവശത്തും ബെഞ്ചുകൾ പോലെ രണ്ടു സിമന്റ് തിട്ടകളും കാണാം. നട്ട
വാശലിന്റെ ഉദ്ദേശ്യം സുപ്രധാനമായ കോലമിടലാണ്. സൂര്യോദയത്തിനു മുമ്പു മുറ്റം തൂത്തുവാരി വെള്ളം തളിച്ചു കോലമിടുന്നു.
ഇവിടെ തുടങ്ങുന്നു ദിവസത്തിന്റെ തുടക്കം. കുളി, തേവാരം, പൂജ എന്നിവ കഴിഞ്ഞ് 10.30ന് ശാപ്പാട് റെഡിയാകും.
പഴയ ഉദ്യോഗസ്ഥർ ശാപ്പാട് കഴിഞ്ഞാണ് ജോലിക്കു പോകുക.
പൈതൃകത്തിന്റെ പഴയ വേഷമാണ് തറ്റുടുക്കൽ (സോമൻ ഉത്തരീയം). വിവാഹിതരായ പുരുഷന്മാരാണ് ഇത്തരം വേഷത്തിൽ വന്നിരുന്നത്.
18 മുഴം വരുന്ന മടിശ്ശാർ പുടവ സുമംഗലികളായ സ്ത്രീകൾ ധരിക്കുന്നു. നാർ മുടിപ്പുടവ വിധവകൾ മാത്രം.
ആധുനികമോഹികൾ സൗകര്യം പോലെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഋതുമതിയാകാത്ത പെൺകുട്ടികൾ പാവാടയും ബ്ലൗസും ധരിച്ചിരുന്നു.
കന്യകമാർ പാവാട, ദാവണി എന്നിവ ധരിച്ചിരുന്നു. ബ്രാഹ്മണരുടെ ഗൃഹത്തിന് ആം എന്നു പറയുന്നു. കൊല്ലപ്പുറം അല്ലെങ്കിൽ പുരയിടത്തിൽ ഒരു ചെറിയ തോട്ടമുണ്ടാകും.
കായ്കറി, പുഷ്പങ്ങൾ, തുളസിത്തറ എന്നിവ കാണും. പുരയിടത്തിന്റെ അറ്റത്തു തെങ്ങും മാവും പ്ലാവും കാണും. പൈതൃകം കൈവിടാതെ ആചാരവും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന പുതിയ തലമുറ പ്രത്യാശ നൽകുന്നു… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

