പാലക്കാട് ∙ വികെ.ജയപ്രകാശ് രണ്ടാം വട്ടം പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ രണ്ടായിരത്തിലാണു മണികണ്ഠൻ ജനിക്കുന്നത്. പക്ഷേ, രണ്ടു പേരും ഇപ്പോൾ ജനപ്രതിനിധികൾ.
ഇപ്പോഴത്തെ തദ്ദേശഭരണസമിതിയിൽ ഏറ്റവും പ്രായം കൂടിയയാളാണ് ജില്ലാ പഞ്ചായത്ത് അംഗമായ വി.കെ.ജയപ്രകാശ് (77) ഏറ്റവും പ്രായം കുറഞ്ഞയാൾ പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് അംഗമായ കെ.മണികണ്ഠൻ (25).തിരഞ്ഞെടുപ്പിനെക്കുറിച്ചും പൊതുപ്രവർത്തനത്തെക്കുറിച്ചുമെല്ലാം സംസാരിക്കാൻ ജയപ്രകാശിന്റെ പുതുപ്പരിയാരത്തെ വീട്ടിൽ മനോരമയ്ക്കു വേണ്ടി അവർ ഒത്തുചേർന്നു.
ചെറുപ്പം മുതൽ കേൾക്കുന്ന പേരാണെങ്കിലും മണികണ്ഠനു ജയപ്രകാശിനെ നേരിട്ടു പരിചയമില്ല. ജയപ്രകാശിന്റെ മകൻ രാജേഷ് മേനോൻ മണികണ്ഠന്റെ സുഹൃത്താണ്.
എന്താണു ജനപ്രതിനിധിക്കു വേണ്ട പ്രധാന യോഗ്യതയെന്നു മണികണ്ഠൻ ചോദിച്ചു.
സ്വന്തം രാഷ്ട്രീയം മനസ്സിൽ ഉണ്ടാകുമെങ്കിലും അതൊന്നും തടസ്സമാകാതെ സമൂഹസേവനം നടത്തുകയാണു വേണ്ടതെന്നു ജയപ്രകാശ് പറഞ്ഞു. കഴിയാവുന്ന കാര്യങ്ങൾ ചെയ്തു നൽകണം.ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ, എന്തു കൊണ്ടു കഴിയില്ല എന്നു കൃത്യമായി ബോധ്യപ്പെടുത്തുകയും വേണം.
സാമൂഹിക സേവനം തന്നെയാണ് രാഷ്ട്രീയപ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നതെന്നു മണികണ്ഠൻ പറഞ്ഞപ്പോൾ ജയപ്രകാശിനു സന്തോഷം.
1968ൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണു ജയപ്രകാശ് പൊതുപ്രവർത്തനരംഗത്ത് ഇറങ്ങിയത്. ആദ്യം സിപിഐയിൽ ആയിരുന്നു.
1991ൽ സിപിഎമ്മിലെത്തി. ഏരിയ കമ്മിറ്റി അംഗമായാണു സിപിഎമ്മിലെത്തിയത്.
1995 മുതൽ 2005 വരെ രണ്ടു തവണ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ പുതുപ്പരിയാരം ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്തിലെത്തി.
എഴുത്തുകാരൻ, ഗ്രന്ഥശാല പ്രവർത്തകൻ, നാടകപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങളേറെ. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം കഴിഞ്ഞ സമ്മേളനകാലത്താണു ചുമതലയൊഴിഞ്ഞത്.
എസ്എഫ്ഐയിൽ നിന്ന് അപ്രതീക്ഷിതമായാണു മണികണ്ഠൻ രാഷ്ട്രീയത്തിലെത്തിയത്.
പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പഞ്ചായത്ത് അംഗം എം.ലക്ഷ്മണൻ മരിച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു വേണ്ടി കൂടല്ലൂർ വാർഡ് പിടിച്ചെടുത്തു. 2022 മേയിൽ പഞ്ചായത്ത് അംഗമാകുമ്പോൾ 21 വയസ്സും 9 മാസവുമാണു പ്രായം.
ചിറ്റൂർ കോളജിൽ പഠിക്കുന്ന സമയത്ത് 2019ൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു.
തന്റെ വാർഡ് അല്ലാതിരുന്നിട്ടും 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണികണ്ഠൻ വിജയിച്ചു. സജീവമായ നാടകപ്രവർത്തകനും സിനിമാ നടനുമൊക്കെയാണ്.ഇത്തവണ ഇരുവരും മത്സരരംഗത്തില്ല.
തങ്ങളെ ജയിപ്പിക്കാൻ പ്രയാസപ്പെട്ട പ്രവർത്തകരുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഇരുവരും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

