പാലക്കാട് ∙ കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പിനിടെ നഗരമധ്യത്തിൽ ആന ഇടഞ്ഞു പാപ്പാനു നിസ്സാര പരുക്ക്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് വഴി കൽമണ്ഡപം ജംക്ഷനിലെത്തി കുന്നത്തൂർമേട്ടിൽ എത്തിയപ്പോഴായിരുന്നു ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആന ഇടഞ്ഞത്.
ആന അക്രമാസക്തനായില്ലെങ്കിലും രണ്ടു മണിക്കൂറോളമെടുത്താണ് ആനപ്പുറത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. 9 ആനകളാണ് എഴുന്നള്ളത്തിനെത്തിയിരുന്നത്.
ഇതിൽ ചെർപ്പുളശ്ശേരി മണികണ്ഠൻ കുന്നത്തൂർമേട് റോഡിലൂടെ പോകുമ്പോൾ പെട്ടെന്നു വിരണ്ടോടുകയായിരുന്നു. തടയാൻ ശ്രമിച്ച പാപ്പാൻ കണ്ണനെ ആന മുൻകാലുകൊണ്ട് ചവിട്ടിയതോടെ റോഡിലേക്കു വീണു പരുക്കേറ്റു. കൈക്കും കാലിനും ചെറിയ പരുക്കേറ്റ പാപ്പാൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
റോഡിനു സമീപമുള്ള തലപ്പൊറ്റ ഭക്തവത്സന്റെ വീട്ടിലേക്ക് ഓടിക്കയറിയ ആന മുറ്റത്തെ മരത്തണലിൽ നിന്നു.
വീടിനു പുറകിൽ മതിലുള്ളതിനാൽ അതു കടന്നുപോകാനാകാതെ മുറ്റത്തെ മരത്തണലിൽ തന്നെ ആന രണ്ടുമണിക്കൂറോളം നിലയുറപ്പിച്ചു. എഴുന്നള്ളത്തിനിടെ കണ്ടുനിന്നവരിലൊരാൾ ആനയ്ക്ക് പുല്ലുകൊടുക്കാൻ ശ്രമിച്ചെന്നും ഇതു പാപ്പാൻ വിലക്കിയപ്പോഴാണ് ആന ഇടഞ്ഞതെന്നും ആളുകൾ പറയുന്നു.
ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ ഇറങ്ങാനാവാതെ കുടുങ്ങി. ആന വളരെ ശാന്തനായിരുന്നെങ്കിലും രണ്ട് മണിക്കൂറോളമെടുത്താണ് ആനപ്പുറത്തുണ്ടായിരുന്നവരെ താഴെയിറക്കിയത്.
നിലവിലെ പാപ്പാൻ പരുക്കേറ്റ് ആശുപത്രിയിലായതിനാൽ ചെർപ്പുളശ്ശേരി മണികണ്ഠന്റെ മൂന്നുവർഷം മുൻപത്തെ പാപ്പാനായിരുന്ന ചന്ദ്രനെത്തിയാണ് നിർദേശം നൽകിയത്. അക്രമാസക്തനല്ലാതിരുന്നതിനാൽ ആനയ്ക്ക് ഈ സമയം ഭക്ഷണവും വെള്ളവും നൽകിയിരുന്നു. വനംവകുപ്പിന്റെ എലിഫന്റ് ടാസ്ക് ഫോഴ്സ്, എഎസ്പി രാജേഷ്കുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]