
വടക്കഞ്ചേരി∙ നിർമാണം പൂർത്തിയാക്കി 2 മാസം തികയും മുൻപേ പുതുക്കോട് പഞ്ചായത്തിലെ അഞ്ചുമുറി–തച്ചനടി റോഡ് തകർന്നു. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്ററിൽ താഴെ വരുന്ന ടൗൺ റോഡിന്റെ പണി ആരംഭിച്ചത്.
വെള്ളച്ചാൽ നിർമാണം ഉൾപ്പെടെ പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് റോഡിന്റെ പല ഭാഗത്തും കുഴി രൂപപ്പെട്ടിരിക്കുന്നത്.
ടാറിങ് നന്നായി നടത്തിയില്ലെന്നും ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 4 വർഷത്തോളം റോഡ് പൊട്ടിപ്പൊളിഞ്ഞു കാൽനട പോലും അസാധ്യമായ അവസ്ഥയിലായിരുന്നു.നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും വ്യാപാരികളും ശക്തമായി പ്രതിഷേധിച്ചതോടെയാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
മേയ് മാസം പകുതിയോടെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങി.ടാറിങ് കഴിഞ്ഞ ഉടനെ റോഡിനു ഇരുവശവും കോൺക്രീറ്റ് ചെയ്തു മഴവെള്ളം പോകാനുള്ള സൗകര്യം കൂടി ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.എന്നാൽ പണികൾ ഒന്നും ചെയ്തിട്ടില്ല.
മഴ മൂലമാണ് പണികൾ വൈകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ റോഡിന്റെ തകർച്ചയെ കുറിച്ച് ആരും മിണ്ടുന്നില്ല. റോഡിലെ കുഴികൾ അടയ്ക്കുകയും ബാക്കി പണികൾ ഉടൻ പൂർത്തിയാക്കുകയും ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പുതുക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]